കയ്പമംഗലം: പെരിഞ്ഞനത്ത് അനുമതിയില്ലാതെ തുറന്ന ഹോട്ടൽ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചു. ചക്കരപ്പാടത്ത് പ്രവർത്തിക്കുന്ന താജ് ഡിലൈറ്റ് എന്ന കാറ്ററിംഗ് സ്ഥാപനമാണ് പൊലീസിന്റെ സഹായത്തോടെ ആരോഗ്യപ്രവർത്തകർ അടപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ സ്ഥാപനം അനുമതിയില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടതിനെ തുടർന്ന് അടപ്പിച്ചിരുന്നു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വീണ്ടും തുറന്നതോടെയാണ് ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിച്ചത്. നടത്തിപ്പുകാർക്ക് കർശന താക്കീതും നൽകിയിട്ടുണ്ട്. ദേശീയപാതയോരത്തെ പെരിഞ്ഞനം സെന്ററിന് തെക്ക് ഭാഗത്തും കൊടുങ്ങല്ലൂരിലും പ്രവർത്തിക്കുന്ന കല്ലുമ്മക്കായ എന്ന ഹോട്ടലിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന സ്ഥാപനമാണിത്. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. ജീന, ഹെൽത്ത് ഇൻസ്‌പെക്ടർ യു.ഒ. ജോബി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൽ. അഖില, പഞ്ചായത്ത് ജീവനക്കാരായ കെ.എസ്. ബിബിൻ, ഫെബിൻ ജോസഫ്, സ്റ്റീഫൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.