കുന്നംകുളം: നഗരസഭയിലെ തെരുവോരങ്ങളിൽ അനധികൃത മത്സ്യവിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അനധികൃത മത്സ്യ കച്ചവടം നിയന്ത്രിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. അനധികൃത മത്സ്യക്കച്ചവടക്കാരെ സംരക്ഷിക്കില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ നായർ പറഞ്ഞു. കാൽനട യാത്രക്കാർക്ക് തടസമാകുന്ന രീതിയിലുള്ള അധികൃത തെരുവ് കച്ചവടക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ പദ്ധതി പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയതിന്റെ ഭാഗമായി പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായിട്ടുണ്ടന്ന് അദ്ദേഹം സൂചിപ്പിച്ചു. ബിജു സി. ബേബി, ഷാജി ആലിക്കൽ, ഗീതശശി, ബിനു പ്രസാദ്, ബീന രവീ, സുനിൽകുമാർ, സുജീഷ് എന്നിവർ സംസാരിച്ചു.
മറ്റ് യോഗ തീരുമാനങ്ങൾ
നഗരസഭാ ഓഫീസിനോട് ചേർന്ന് പോകുന്ന റോഡിലേക്ക് തൃശൂർ റോഡിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ പോകാതിരിക്കുന്നതിനു വേണ്ടി റോഡിനു മുകളിൽ റെയിൽ സ്ഥാപിച്ച് വലിയ വാഹനങ്ങളുടെ യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തും. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമാകുന്ന വിധത്തിലായിരിക്കും ഇരുമ്പ് റെയിൽ സ്ഥാപിക്കുക. വാർഡുകൾ തോറും മഴക്കാലപൂർവ ശുചിത്വ പരിപാടിക്ക് 15, 000 രൂപ വീതം അനുവദിക്കും. ഈ മാസം 28 മുതൽ ജൂൺ മൂന്നു വരെ വാർഡ് സഭകൾ വിളിച്ചുചേർക്കും. ജൂൺ 10ന് വികസന സെമിനാർ നടത്തും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ജൂലായ് 15ന് ഫയൽ അദാലത്ത് സംഘടിപ്പിക്കും. ജൂൺ 30 വരെ ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കും.
നഗരത്തിൽ പഴക്കം ചെന്ന കെട്ടിടങ്ങൾ പരിശോധിച്ച് പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കും. പദ്ധതികൾക്ക് 15ന് മുമ്പായി അംഗീകാരം ലഭിക്കേണ്ടതുണ്ട്. പി.എം.എ.വൈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ടുകൾ ലഭിക്കാനുണ്ട്.
-സീത രവീന്ദ്രൻ (ചെയർപേഴ്‌സൺ)