ചാലക്കുടി: അന്നനാട് സരസ്വതി വിലാസം എൽ.പി സ്‌കൂളിൽ നവതി സ്മാരക മന്ദിരം 26 ന് തുറന്നുകൊടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30ന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മുൻ എം.എൽ.എ ബി.ഡി. ദേവസ്സി എന്നിവർ മുഖ്യാതിഥികളാകും. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് അദ്ധ്യക്ഷയാകും. തുടർന്ന് സ്‌കൂൾ വാർഷികവും 33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപിക മിനി ടീച്ചർക്ക് യാത്രഅയപ്പും നൽകും. ബഹുജന പങ്കാളിത്തത്തോടെ 75 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സംഘാടക സമിതി അംഗങ്ങളായ കെ. ഗിരീശൻ, ജ്യോതി ടീച്ചർ, കെ.എം. കാർത്തികേയൻ, ടി.വി. സുരേഷ്‌കുമാർ, എം.സി. അജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.