അന്തിക്കാട് ഗവ. എൽ.പി സ്കൂൾ പരിസരം വൃത്തിയാക്കുന്ന രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും
അന്തിക്കാട്: ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കേ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളുമായി സ്കൂൾ അധികൃതർ. നാളെ വൈകിട്ട് മൂന്നിന് നന്തിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കളിമുറ്റം ഒരുക്കാം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം. അന്തിക്കാട് ഗവ.എൽ.പി സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. അന്തിക്കാട് പഞ്ചായത്ത്, അന്തിക്കാട് ബി.ആർ.സിയിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ, പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, അദ്ധ്യാപകർ, എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
സ്കൂൾ പരിസരം വൃത്തിയാക്കിയതിനൊപ്പം അറ്റകുറ്റപണികൾ തീർക്കലും, സ്കൂൾ അണിയിച്ചൊരുക്കലും, എൽ.കെ.ജി, ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സമ്മാനപ്പൊതി തയ്യാറാക്കുന്നതുൾപ്പെടെ ഉത്സവഅന്തരീക്ഷത്തിലൂടെയാണ് വിദ്യാലയം കടന്നുപോകുന്നത്.
പൂർവവിദ്യാർത്ഥിയും മുൻപഞ്ചായത്ത് പ്രസിഡന്റ് എ.വി.ശ്രീവത്സൻ, പി.ടി.എ പ്രസിഡൻ്റ് എം.കെ.സതീശൻ, എം.പി.ടി.എ ഭാരവാഹി കെ.ആർ.രനിൽ, ബി.ആർ.സി അദ്ധ്യാപകരായ പി.എം.ഉഷ, മീര മോഹൻദാസ്, പി.കെ.പ്രീതി, എം.എസ്.ഷൈന എന്നിവർ നേതൃത്വം നൽകി.