പാവറട്ടി: വെങ്കിടങ്ങിൽ ജീർണിച്ച വീട്ടിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് സുരക്ഷിതമായ താമസം ഒരുക്കി വെങ്കിടങ്ങ് യംഗ്‌സ്റ്റേഴ്‌സ് ക്ലബ്. വെങ്കിടങ്ങ് വില്ലേജിൽ തോരണംകുത്തി ആലിന് സമീപം താമസിക്കുന്ന കിടപ്പ് രോഗിയായ ചൂലിശ്ശേരി വേണു (65)വിന്റെ വീടാണ് ജീർണാവസ്ഥയിലുള്ളത്. പക്ഷാഘാതം വന്ന് രണ്ടു വർഷമായി തളർന്നു കിടക്കുന്ന വേണുവിന് ഭാര്യയും ഒരു മകളുമാണ് ഉള്ളത്. താത്കാലികമായി കണ്ണോത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് വേണുവിന്റെ കുടുംബത്തെ ചൊവ്വാഴ്ച തന്നെ അങ്ങോട്ട് മാറ്റി പാർപ്പിച്ചു. 6 മാസത്തിനകം ജീർണ്ണിച്ച വീടിന്റെ സ്ഥാനത്ത് വാസയോഗ്യമായ പുതിയ വീട് നിർമ്മിച്ചു നൽകാൻ ക്ലബ് മുൻകൈ എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് പി.കെ. ഹിഷാം, റഷീദ് എം.കെ, പ്രദീപ് എൻ.ആർ, വാർഡ് മെമ്പർ കെ.സി.ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജു മാസ്റ്റർ, പ്രദീപ് സി.പി എന്നിവർ നേതൃത്യം നൽകി.