കയ്പമംഗലം: കാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് കുരുന്നുകൾ. മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി തമന്ന ഫാത്തിമയും രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് തൗഫീഖും തങ്ങൾ സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങിനൽകി. ചെമ്മീൻ അച്ചാർ ഉണ്ടാക്കി വിൽപ്പന നടത്തിക്കിട്ടിയ ലാഭം അടക്കം 5,600 രൂപയാണ് ഇതിനായി നൽകിയത്. പഠനോപകരണങ്ങൾ ഇരുവരും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പ്രധാനാദ്ധ്യാപകനെ ഏൽപ്പിക്കുകയായിരുന്നു. പ്രധാനാദ്ധ്യാപകൻ വി.കെ. മുജീബ് റഹ്മാൻ, മാനേജർ റവ. ഫാ. ജോസഫ് മാളിയേക്കൽ, പി.ടി.എ പ്രസിഡന്റ് കെ.വൈ. അസീസ് എന്നിവർ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഷമീർ പതിയാശ്ശേരിയുടെയും ഷാഹിറാ ഷമീറിന്റെയും മക്കളാണ് തമന്നയും തൗഫീഖും.