എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു

കൊടുങ്ങല്ലൂർ: മാലിന്യ സംസ്‌കരണ രംഗത്ത് നഗരസഭയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നു. ശാസ്ത്രീയമായ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ 98 എണ്ണവും പൂർത്തിയായി.

ടെക്‌നിക്കൽ ഹൈസ്‌കൂളിൽ രണ്ട് യൂണിറ്റുകളും നഗരസഭ ടൗൺഹാളിൽ രണ്ട് യൂണിറ്റുകളും ചാപ്പാറ ഗവ. ഐ.ടി.ഐയിൽ രണ്ട് യൂണിറ്റുകളും ഉൾപ്പെടെ ആറ് തുമ്പൂർമുഴി മോഡൽ യൂണിറ്റുകൾ കൂടി പ്രവർത്തനമാരംഭിച്ചു. നിർമ്മാണം പൂർത്തീകരിച്ച എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർ ചന്ദ്രൻ കളരിക്കൽ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുമ്പൂർമുഴി മോഡൽ (എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ്)
കോൺക്രീറ്റ് പാളികളോ ഇഷ്ടികയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന 1.20 - 1.20 - 1.20 മീറ്റർ വലിപ്പമുളള ഒരു പെട്ടിയാണ് തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റിലെ ഒരു ബിൻ. മാലിന്യത്തിന്റെ ഉളളിലേയ്ക്ക് വായുസഞ്ചാരം സുഗമമാക്കുന്നതിന് നാലുവശങ്ങളിലും ഇടവിട്ട് 5 സെ.മീ അകലത്തിൽ വിടവുകൾ ഉണ്ടാകും. ടാങ്കിന്റെ അടിയിൽ ഫെറോ സിമന്റോ കോൺക്രീറ്റോ ആകാം. മഴവെളളം വീഴാതിരിക്കാൻ മേൽക്കൂര ആവശ്യമാണ്. ഒരു കമ്പോസ്റ്റ് ബിന്നിന്റെ നിർമ്മാണത്തിനായി ഏകദേശം 18,500 രൂപ ചെലവ് വരും. ഇത്തരത്തിൽ രണ്ടു ബിന്നുകളടങ്ങിയതാണ് ഒരു യൂണിറ്റ്.

പ്രവർത്തന രീതി
ആദ്യം ബിന്നിനുളളിൽ ആറ് ഇഞ്ച് കനത്തിൽ ചാണകം നിറയ്ക്കണം. ബാക്ടീരിയൽ കൾച്ചറോ ബയോഗ്യാസ് പ്ലാന്റിൽ നിന്നുളള സ്ലറിയോ ചാണകത്തിന് പകരം ഉപയോഗിക്കാം. ഇതിലെ സൂക്ഷ്മാണുക്കളാണ് കമ്പോസ്റ്റിംഗ് പ്രക്രിയ നടത്തുന്നത്. ചാണകത്തിന് മുകളിലായി ആറ് ഇഞ്ച് കനത്തിൽ കരിയില/ ചകിരി/ ഉണങ്ങിയ പുല്ല് / കീറിയ കടലാസ് കഷ്ണങ്ങൾ ഇവയിലേതെങ്കിലും ഇടണം. ഇതിനു മുകളിൽ ആറ് ഇഞ്ച് കനത്തിൽ ജൈവമാലിന്യങ്ങൾ നിക്ഷേപിക്കണം. ഇതിനുപുറമെ ചാണകം, കരിയില, മാലിന്യം ഈ പ്രക്രിയ ബിൻ നിറയുതുവരെ തുടരുക. ഏകദേശം 90 ദിവസത്തിനുശേഷം ബിന്നിനുളളിലെ ഈർപ്പം കളഞ്ഞ് പായ്ക്കറ്റിലാക്കി ജൈവവളമായി ഉപയോഗിക്കാവുതാണ്.