പാവറട്ടി: ഏനാമാക്കൽ കോഞ്ചിറ പോംപെ മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ മുത്തിയുടെ 135-ാം മാദ്ധ്യസ്ഥ തിരുനാൾ 28, 29 തീയതികളിൽ വിപുലമായ പരിപടികളോടെ ആഘോഷിക്കുമെന്ന് ഏനാമാക്കൽ കർമ്മലമാതാ വികാരി ഫാ.ഫ്രാൻസിസ് നീലങ്കാവിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27 ന് വൈകിട്ട് വി.കുർബാനക്ക് ശേഷം നടക്കുന്ന വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേഷ് നിർവഹിക്കും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഗ്വാളിയർ രൂപതാ മെത്രാൻ മാർ ജോസഫ് തൈക്കാട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. രാത്രി 7.15ന് ഏനാമാക്കൽ ഇടവക പള്ളിയിൽ നിന്നും തുടങ്ങുന്ന കിരീട എഴുന്നള്ളിപ്പ് 9.15ന് തീർത്ഥകേന്ദ്രത്തിൽ സമാപിക്കും. തിരുനാൾ ദിനമായ 29 ന് രാവിലെ 6 മുതൽ 9 വരെ തുടർച്ചയായി ദിവ്യബലി നടക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കുറ്റൂർ സിയോൻ സെന്റർ ഡിറക്ടർ ഫാ.സാജൻ പുത്തൂർ മുഖ്യ കാർമ്മികനാകും. പാവറട്ടി ആശ്രമാധിപൻ ഫാ.ആന്റണി വേലത്തിപറമ്പിൽ തിരുനാൾ സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 5 ന് ഇടവകയിലെ വൈദീകർ അർപ്പിക്കുന്ന വി.കുർബാനക്കു ശേഷം തിരുനാൾ ജപമാല തിരി പ്രദക്ഷിണവും വർണമഴയും നടക്കും. ജൂൺ 5 ന് എട്ടാമിടം തിരുനാൾ ആഘോഷിക്കും. ജനറൽ കൺവീനർ സി.എ. റാഫി, ട്രസ്റ്റി പി.ജി. റിജോ, കൊച്ചപ്പൻ വടക്കൻ, കെ.ഡി. തൊമ്മി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.