mmmmഭക്ഷ്യസുരക്ഷാ യോഗത്തിൽ മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അജയ്‌രാജ് സംസാരിക്കുന്നു.

കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാർ തുടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ അറിയിച്ചു. പഞ്ചായത്ത് വിളിച്ചുചേർത്ത ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെയും മത്സ്യ, മാംസ വിൽപ്പനക്കാരുടെയും യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷാ ലൈസൻസും പഞ്ചായത്തിന്റെ ഹെൽത്തുകാർഡുമില്ലാത്ത സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ പ്രവർത്തിപ്പിക്കില്ല. ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭക്ഷണ പരിപാടികൾ ആരോഗ്യ വിഭാഗത്തെ നേരത്തെ അറിയിക്കണമെന്നും, പാചകക്കാരന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് പ്രദർശിപ്പിക്കണമെന്നും, അങ്ങാടികൾ ശുചീകരിക്കണമെന്നും തീരുമാനമെടുത്തു. രണ്ട് തവണ പിഴ അടച്ചവരുടെ ലൈസൻസ് റദ്ദാക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംഭരൻ അദ്ധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, രാഗേഷ് കണിയാംപറമ്പിൽ, ടോണി അത്താണിയ്ക്കൽ, ഷോയ് നാരായണൻ, ബിമൽ കുമാർ, അരുൺ പി. കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.