road
തൃശൂർ - കുന്നംകുളം പാതയിലെ കൈപ്പറമ്പ് ഇറക്കത്തിൽ രണ്ട് കിലാേമീറ്റേറോളം നീണ്ട വാഹനങ്ങളുടെ നിര

തൃശൂർ: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ, വിദ്യാർത്ഥികളുടെ വഴികളിൽ അപകടക്കുഴികളും ഗതാഗതക്കുരുക്കും. കൊവിഡിനുശേഷം സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം കുറഞ്ഞതും ഇരുചക്രവാഹനങ്ങളും കാറുകളും നിറഞ്ഞതും യാത്രാദുരിതം ഇരട്ടിയാക്കും.

തൃശൂർ - കുറ്റിപ്പുറം പാതയിൽ പുഴയ്ക്കൽ, അമല, പേരാമംഗലം, മുണ്ടൂർ, കൈപ്പറമ്പ്, മഴുവഞ്ചേരി എന്നിവിടങ്ങളിലെല്ലാം നിർമ്മാണം മൂലം കുരുക്ക് പതിവുസംഭവമാണ്. മഴ ശക്തമായതോടെ പണികൾക്ക് കാലതാമസവും ഉണ്ടാകുന്നുണ്ട്.

പുഴയ്ക്കലിൽ കാനപണിയാണ് കുരുക്കിനുള്ള കാരണം. മുണ്ടൂരിലും മഴുവഞ്ചേരിയിലും റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി കാന നിർമ്മാണം നടക്കുന്നുണ്ട്. കൈപ്പറമ്പിൽ നിന്ന് തുടങ്ങുന്ന കുരുക്ക്, മൂന്ന് കിലോമീറ്ററിനപ്പുറം കേച്ചേരി വരെ നീളുന്നു. ഇടുങ്ങിയ ജംഗ്ഷനായതിനാൽ കേച്ചേരിയിലും വാഹനങ്ങളുടെ നീണ്ടനിര രാവിലെയും വൈകിട്ടുമുണ്ട്.

കൃത്യസമയത്തെത്താൻ തൃശൂർ - കോഴിക്കോട് - കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്കുള്ള ബസുകളും നിര തെറ്റിച്ച് കുത്തിക്കയറ്റുന്നതും ഗതാഗതക്കുരുക്ക് കൂട്ടുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പൊലീസുമില്ല. കേച്ചേരി ബസ് സ്റ്റാൻഡ് വർഷങ്ങളായി തുറന്നിട്ടില്ല. കേച്ചേരി അക്കിക്കാവ് ബൈപ്പാസിന്റെ പണികളും ഇഴയുകയാണ്. കലുങ്കു നിർമാണം നടക്കുന്നിടത്തെ റോഡുകൾ തകർന്ന നിലയിലാണ്.

സ്‌കൂൾ വാഹനങ്ങളും ...

സ്കൂൾ വാഹനങ്ങളുടെ പരിപാലനം, നികുതി, ഇൻഷ്വറൻസ് തുടങ്ങിയവ കൊവിഡ് കാലത്ത് സ്‌കൂളുകൾക്ക് തലവേദനയായിരുന്നു. സ്‌കൂൾ ഉപയോഗത്തിന് മാത്രമേ ഓടിക്കാവൂ എന്നതിനാൽ രണ്ടുകൊല്ലവും വാഹനങ്ങൾ പുറത്തിറക്കാനായില്ല. നവംബറിൽ സ്‌കൂളുകൾ തുറന്നെങ്കിലും ഭൂരിഭാഗം വാഹനങ്ങളും പുറത്തിറങ്ങിയില്ല.

ജനപ്രതിനിധികളുടെ ഫണ്ട്, സ്‌പോൺസർ വഴിയുള്ള ഫണ്ട് തുടങ്ങിയവയിലൂടെയാണ് സർക്കാർ സ്‌കൂളുകളിൽ മിക്കതും വാഹനങ്ങൾ സ്വന്തമാക്കിയത്. എന്നാൽ, സഹായത്തിന് സർക്കാരും പി.ടി.എയും ശ്രമിച്ചില്ലെങ്കിൽ സ്‌കൂൾ വാഹനങ്ങളും കുറയും. ഇൻഷ്വറൻസും ബസിന്റെ അറ്റകുറ്റപ്പണികളും ബാദ്ധ്യതയായിരിക്കുന്നതിനാൽ, ഭൂരിഭാഗം സ്‌കൂളുകൾക്കും ലക്ഷങ്ങളുടെ സഹായം വേണ്ടിവരും.

എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്കും പ്രതിസന്ധിയുണ്ട്. ചില സ്‌കൂളുകൾ പ്രതിസന്ധി കാരണം ബസുകൾ വിറ്റു. ബസുകളിലെ ജീവനക്കാർക്ക് തൊഴിലും ഇല്ലാതായി.

മുറ പോലെ പരിശോധനകൾ

ജില്ലയിലെ പലയിടങ്ങളിലും സ്‌കൂൾ വാഹനപരിശോധനകൾ നടന്നിരുന്നെങ്കിലും മുൻകാലങ്ങളിലേതു പോലെ വാഹനങ്ങളെത്തിയില്ല. ഇന്ധനവില വർദ്ധനയും അറ്റകുറ്റപ്പണികളും ഡ്രൈവറുടെയും സഹായിയുടെയും ശമ്പളവും ഇൻഷ്വറൻസും എല്ലാമാകുമ്പോൾ കൊവിഡിന് മുൻപുള്ളതുപോലെ സ്‌കൂൾ ബസുകൾ നിരത്തിലിറങ്ങില്ലെന്ന് ഉറപ്പ്. അതിനാൽ സ്വകാര്യബസുകളെ ആശ്രയിക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ എണ്ണുവും കൂടും.