തൃശൂർ: വിദ്യാഭ്യാസ ഗ്രാന്റ് സംബന്ധിച്ച് കോളേജ് വിദ്യാർത്ഥികളും അധികൃതരും രണ്ടു തട്ടിൽ. ഗ്രാന്റ് കിട്ടിയില്ലെന്ന് വിദ്യാർത്ഥികളും കിട്ടിയിട്ടും അടയ്ക്കുന്നില്ലെന്ന് കോളേജ് അധികൃതരും പറയുന്നു.
ഗ്രാന്റിന് അർഹരായ കുട്ടികളുടെ പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ ഇതുവരെ കോളേജ് അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. ഇപ്പോൾ കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് നൽകുന്നത്. തുടർന്ന് പല കുട്ടികളും ഫീസ് അടയ്ക്കാൻ മടിക്കുന്നതായാണ് എയ്ഡഡ് കോളേജ് അധികൃതർ പറയുന്നത്.
വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഗ്രാന്റ് വരികയെന്ന് അവരെ അറിയിച്ചിരുന്നതായും ഫീസ് അടയ്ക്കണമെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും കോളേജ് അധികൃതർ പറയുന്നു. എന്നാൽ ഗ്രാന്റ് ലഭിച്ചില്ലെന്നാണ് ഒരു വിഭാഗം കുട്ടികളും രക്ഷിതാക്കളും പറയുന്നത്.
കുടിശ്ശികയുടെ പേരിൽ ചില കോളേജുകൾ കുട്ടികൾക്ക് ടി.സിയും അനുബന്ധ സർട്ടിഫിക്കറ്റുകളും നൽകുന്നില്ലെന്നും ആരോപണമുണ്ട്. കോഴ്സ് പൂർത്തിയാക്കിയ ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ തുടർപഠനത്തെ ഇത് ബാധിക്കുന്നുവെന്നും അവർ ആരോപിക്കുന്നു. ചിലരോട് രണ്ട് വർഷത്തെ ഫീസ് അടയ്ക്കാനാണത്രെ കോളേജ് അധികൃതർ പറഞ്ഞിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കൾക്ക് ഇത് സാദ്ധ്യമല്ലാത്ത സ്ഥിതിയുമുണ്ട്.
തൃശൂർ: കേരള സ്പോർട്സ് കൗൺസിലിന്റെയും സംസ്ഥാന റഗ്ബി അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ, സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് 28, 29 തീയതികളിൽ കോർപറേഷൻ മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റഗ്ബി സീനിയർ ചാമ്പ്യൻഷിപ്പ് 28ന് രാവിലെ 11ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സമാപനച്ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി സമ്മാനദാനം നിർവഹിക്കും. റഗ്ബി ജൂനിയർ ചാമ്പ്യൻഷിപ്പ് 29ന് രാവിലെ ഒമ്പതിന് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫികൾ കേരള ബേങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ സമ്മാനിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ 350 ഓളം പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബിന്നി ഇമ്മട്ടി, അഡ്വ. കെ.ആർ. അജിത് ബാബു, അഖിൽ അനിരുദ്ധൻ, ആർ. വിഷ്ണുരാജ് സംബന്ധിച്ചു.