കാഞ്ഞാണി: വീടിന് ചുറ്റും മുട്ടോളം വെള്ളം. അകത്തേക്ക് എപ്പോൾ വേണമെങ്കിലും വെള്ളം കയറാം. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥ. ദിവസങ്ങളായി മണലൂർ എട്ടാം വാർഡിൽ തച്ചംപ്പിള്ളി പരേതനായ ശങ്കരനാരായണന്റെ ഭാര്യ രാധയുടെ (82) സ്ഥിതി ഇതാണ്. വിധവയായ രാധയും രോഗിയുമായ മകൾ ഓമനയും (60) ആണ് ഇവിടെ കഴിയുന്നത്.
വർഷങ്ങൾക്ക് മുമ്പ് അയൽവാസി സമീപത്തെ നെൽവയൽ നികത്തി ചുറ്റും മതിൽ കെട്ടിയതോടെയാണ് വെള്ളം കയറാൻ തുടങ്ങിയത്. ഇപ്പോൾ പെയ്ത്തുവെള്ളം ഒഴുകി പോകാൻ വഴിയില്ല. ഇനിയൊരു മഴ പെയ്താൽ വീടിനുള്ളിലേക്ക് വെള്ളം കയറും. കഴിഞ്ഞ വർഷം ഇതുപോലെ വെള്ളം കയറിയപ്പോൾ മറ്റൊരു വീട് വാടകക്കെടുത്ത് അവിടേക്ക് തമാസം മാറുകയായിരുന്നു. വെള്ളം പൂർണമായി ഒഴിഞ്ഞുപോയതിന് ശേഷമാണ് തിരികെ വന്നത്. ഇത്തവണ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വാടക കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സ്ഥിതിയാണ്. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ വലിയൊരു അപകടമാണ് സംഭവിക്കുക എന്നതും ഭീതിജനകമാണ്. അധികൃതരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് പറയുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ, വാർഡ് അംഗം ഷോയ് നാരായണൻ എന്നിവർ വീട് സന്ദർശിച്ചു.
സമീപവാസിയുമായി സംസാരിച്ച് അടിയന്തര പരിഹാരത്തിന് ശ്രമിക്കും.
ഷോയ് നാരായണൻ. വാർഡ് അംഗം