പുതുക്കാട്: തൃശൂർ കോർപറേഷനും 17 സമീപ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണ പദ്ധതിക്ക് 223 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ. 2016-2017 സംസ്ഥാന ബഡ്ജറ്റിൽ 185 കോടി രൂപ മാറ്റിവെച്ച പദ്ധതിക്കാണ് 223 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. തൃശൂർ കോർപറേഷനും പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ, പറപ്പൂക്കര, നെന്മണിക്കര തുടങ്ങി 17 പഞ്ചായത്തുകൾക്കുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വല്ലച്ചിറ പഞ്ചായത്തിലാണ് പദ്ധതിയുടെ വാട്ടർടാങ്കും പമ്പ് ഹൗസും സ്ഥാപിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നത് വഴി തൃശൂർ കോർപ്പറേഷനും 17 സമീപ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയും. ഇതോടൊപ്പം പുതുക്കാട് മണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരണത്തിനായി സമർപ്പിച്ച മുഴുവൻ അപേക്ഷകൾക്കും അനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു.