1

വടക്കാഞ്ചേരി ഗവ. ബോയ്‌സ് എൽ.പി.സ്‌കൂൾ കെട്ടിടം.

വടക്കാഞ്ചേരി: വടക്കാഞ്ചേരിയുടെ ചരിത്രമുറങ്ങുന്ന വടക്കാഞ്ചേരി ഗവ: ബോയ്‌സ് എൽ.പി സ്‌കൂൾ കെട്ടിടം ഓർമ്മകളിലേക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂൾ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയാണ്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ മുതൽ നിരവധി കലാ, സാംസ്‌കാരിക പ്രവർത്തകർക്ക് അക്ഷരം പകർന്നു നൽകിയ സ്‌കൂൾ കെട്ടിടമാണ് ഓർമ്മയാകുന്നത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്ത് അദേഹത്തിന്റെ ആസ്ഥാന കേന്ദ്രമായാണ് കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ തൊട്ടടുത്തായി നിലക്കൊള്ളുന്ന ബോയ്‌സ് ഹൈസ്‌കൂൾ രാജാവിന്റെ കൊട്ടാരമായിരുന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും വടക്കാഞ്ചേരി എം.എൽ.എയുമായ സേവ്യർ ചിറ്റിലപ്പള്ളിയുടെ ശ്രമഫലമായാണ് സ്‌കൂൾ ഹൈടെക് ആവുന്നത്. വിദ്യാഭ്യാസ നിലവാരവും അദ്ധ്യാപകരുടെ കുട്ടികളുമായുള്ള ഇടപെടലും അവർക്ക് നൽകുന്ന സംരക്ഷണവും എല്ലാം തന്നെ രക്ഷിതാക്കൾ കുട്ടികളെ ഈ സ്‌കൂളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നു. ഈ അദ്ധ്യയന വർഷവും നിരവധി കുട്ടികൾ പ്രവേശനം നേടിയതായി പ്രധാനാദ്ധ്യാപിക ലിസി പോൾ പറഞ്ഞു. കെട്ടിടം പൊളിക്കുന്നതിനാൽ ഈ വർഷം കുട്ടികളെ വടക്കാഞ്ചേരി ഗവ. ഗേൾസ് എൽ.പി. സ്‌കൂളിലേക്ക് മാറ്റും.