പാവറട്ടി: എളവള്ളി ജലനിധി ശുദ്ധജല വിതരണ പദ്ധതിയിൽ അറ്റകുറ്റപ്പണികൾക്കായി വാങ്ങുന്ന സാധനങ്ങളിൽ വൻ തിരിമറി നടക്കുന്നുണ്ടെന്നും ഫിൽറ്റർ സംവിധാനത്തിൽ കാലകാലങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികളും അതിന്റെ സാമഗ്രികൾ മാറ്റുന്ന കാര്യത്തിലും വൻവീഴ്ചയാണ് ജലനിധി നടത്തുന്നതെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. നാലായിരത്തോളം ഉപഭോക്താക്കൾ ജലനിധിയിൽ അംഗങ്ങളായത് ശുദ്ധജലം വർഷത്തിൽ 12 മാസവും ലഭിക്കുമെന്ന ഉറപ്പിലാണെന്നിരിക്കെ, കാലവർഷത്തിൽ 3 മാസം മാത്രം ശുദ്ധജലം വിതരണം ചെയ്യുന്നതിനെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജലനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്ത ഡി.സി.സി സെക്രട്ടറി വി. വേണുഗോപാൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. വർഗീസ് മാനത്തിൽ, ജിന്റോ തേറാട്ടിൽ, കോയ പോക്കാക്കില്ലത്ത്, കെ.പി. വിവേകൻ, എൻ.കെ. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.