കൊടുങ്ങല്ലൂർ: നഗരസഭയിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ പദ്ധതി ആവിഷ്‌കരിക്കുന്നു. പദ്ധതിയുടെ ഡി.പി.ആർ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചു.
പുല്ലൂറ്റ് നാരായണമംഗലത്തുള്ള ടാങ്കിൽ നിന്നു് പുല്ലൂറ്റ്, ലോകമലേശ്വരം വില്ലേജുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനു് 28,000 മീറ്റർ പൈപ്പ് ഇടുന്നതിനും, ഒരു പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിക്ക് സാമ്പത്തിക അംഗീകാരം ലഭിച്ചു.
ആദ്യഘട്ടത്തിൽ 1,700 പുതിയ ഗാർഹിക കണക്ഷനുകൾ നൽകും. ആകെ രണ്ട് വില്ലേജുകളിലായി 9,000 വീടുകൾക്കാണ് ഇനി ഗാർഹിക കണക്ഷൻ ലഭിക്കാനുള്ളത്. 1984ൽ സ്ഥാപിച്ച പഴയ പൈപ്പുകൾ കാലപ്പഴക്കം മൂലം പൊട്ടിപ്പോകുന്നതിനാൽ അവ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കും. കൂടാതെ പുതിയ ഒരു പമ്പ് സെറ്റും ഇവിടെ സ്ഥാപിക്കും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നിർദ്ദേശപ്രകാരം വൈന്തലയിൽ ഒരു പുതിയ പ്ലാന്റും, ടാങ്കും, ഒരു പമ്പ് സെറ്റും സ്ഥാപിക്കുന്നതിന് 75 കോടിയുടെ പ്രൊജക്ട് അംഗീകാരത്തിനായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
ആലോചനായോഗത്തിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, കെ. സനിൽ, കെ.എൻ. മാധവ്, ടി.വി. നന്ദകുമാർ, വിജു മോഹൻ, പ്രജിത, കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 14.18 കോടി അടങ്കലുള്ള പ്രൊജക്ടിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെ വിഹിതവും ഉൾപ്പെടും.