പാവറട്ടി: ഏറെ നാളെത്തെ കാത്തിരിപ്പിന് ഒടുവിൽ പെരുവല്ലൂർ പരപ്പുഴ പാലത്തിലൂടെ വാഹന ഗതാഗതം ആരംഭിച്ചു. നിർമ്മാണം പൂർത്തിയാകാത്ത പാലത്തിൽ താത്ക്കാലിക അപ്രോച്ച് റോഡ് തയ്യാറാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതോടെ ഒരാഴ്ചയായി സമരത്തിലായിരുന്ന ചാവക്കാട്-അമല-തൃശൂർ റൂട്ടിലെ ബസുകൾ സർവീസ് തുടങ്ങി. പാലത്തിന്റെ താത്കാലിക അപ്രോച്ച് റോഡിൽ കല്ലും മണ്ണും പാറപ്പൊടിയും നിറച്ച് ഉറപ്പിച്ച ശേഷം ഭാരപരിശോധന നടത്തിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ ഇരുചക്രവാഹനങ്ങൾ കടത്തി വിട്ടിരുന്നു. ഈ റൂട്ടിലൂടെ രണ്ട് തവണയാണ് സമാന്തര റോഡ് പൊളിഞ്ഞതിനാൽ വാഹന ഗതാഗതം നിലച്ചത്. ബസ് സർവീസ് അടക്കം നിറുത്തി വച്ച് പ്രതിഷേധം ശക്തമായതോടെ കലക്ട്രേറ്റിൽ മുരളി പെരുനെല്ലി എം.എൽ.എ, കളക്ടർ ഹരിത വി.കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പാലത്തിലൂടെ ഗതാഗതം ആരംഭിക്കാൻ തീരുമാനമായത്. സമാന്തര റോഡ് നിർമ്മാണം പൂർത്തിയാക്കിയ ശേഷം വാഹനങ്ങൾ കടത്തി വിട്ട് പി.ഡബ്ല്യു.ഡിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് സാധാരണ ഗതിയിൽ നിലവിലെ പാതയും പാലവും പൊളിക്കാറുള്ളത്. എന്നാൽ ഇവിടെ അത്തരത്തിലുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് യാത്രാ ദുരിതവും ഏറി.