തൃശൂർ: ആകാശവാണിയുടെയും ദൂരദർശന്റേയും പ്രോഗ്രാം മേധാവിയും ഗ്രന്ഥകാരനുമായ ടി.ടി. പ്രഭാകരൻ 31 ന് സർവീസിൽ നിന്നും വിരമിക്കും. തിരുവനന്തപുരം, കൊച്ചി, ദേവികുളം നിലയങ്ങളിൽ പ്രോഗ്രാം എക്‌സിക്യുട്ടീവും അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടറുമായിരുന്നു. 1993 ആഗസ്റ്റിൽ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ജോലിയിൽ ചേർന്നു. മുമ്പ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസി. ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു. ദേശബന്ധു പബ്ലിക്കേഷന്റെ കേരളവിജ്ഞാന കോശം എന്ന ഗ്രന്ഥത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്ര ഗതി തുടങ്ങിയ മാസികകൾക്കു വേണ്ടിയും പുസ്തക പ്രസിദ്ധീകരണ വിഭാഗത്തിലും അസി.എഡിറ്ററായിരുന്നു. 'എന്തുകൊണ്ട്, എന്തുകൊണ്ട് എന്തുകൊണ്ട്', 'എങ്ങനെ എങ്ങനെ, എങ്ങനെ', 'ശാസ്ത്ര നിഘണ്ടു' തുടങ്ങിയ പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളുടെ എഡിറ്റോറിയൽ സമിതി അംഗമായിരുന്നു. 2017-18 ൽ കൊച്ചി ആകാശവാണി നിലയത്തോടൊപ്പം തൃശൂർ നിലയത്തിന്റേയും 2021 ൽ തൃശൂർ ദൂരദർശൻ പ്രോഗ്രാം മേധാവിയുടെയും അധികച്ചുമതല വഹിച്ചു. അടയാള വാക്യങ്ങൾ, ഒഴിഞ്ഞ പാതി-നിറഞ്ഞ പാതി, നാടക കല-അന്വേഷണം ആസ്വാദനം തുടങ്ങി പത്തിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റേഡിയോ നാടകങ്ങളെക്കുറിച്ചുളള ലേഖനങ്ങൾ സമാഹരിച്ച് സംഗീത നാടക അക്കാഡമി പ്രകാശനം ചെയ്ത പുസ്തകം റേഡിയോ നാടകപ്രസ്ഥാനം എഡിറ്റ് ചെയ്തു. പ്രക്ഷേപണ കലയ്ക്കുള്ള 2011 ലെ കേരള സംഗീത നാടക അക്കാഡമിയുടെ പുരസ്‌കാരം നേടി. പി.എച്ച്.ഡിക്കായി 'റേഡിയോ നാടകങ്ങളുടെ സൗന്ദര്യ ശാസ്ത്രം' എന്ന വിഷയത്തിൽ ഡോ. പി.വി. രാമൻകുട്ടിയുടെ കീഴിൽ തയ്യാറാക്കിയ പ്രബന്ധം കലാമണ്ഡലം സർവകലാശാലയിൽ സമർപ്പിച്ചിട്ടുണ്ട്. സാഹിത്യം, ചലച്ചിത്രം, മാദ്ധ്യമ പഠനം തുടങ്ങിയ മേഖലകളിലും പഠന ഗവേഷണങ്ങൾ നടത്തുന്നുണ്ട്.