kettidam
എറിയാട് കെ.വി.എച്ച്.എസിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം.

കൊടുങ്ങല്ലൂർ: എറിയാട് കേരളവർമ ഹയർ സെക്കൻഡറി സ്‌കൂളിനായി സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏഴര കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഹൈടെക് സ്‌കൂൾ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി സ്വന്തം സ്ഥലത്ത് സൗജന്യമായി പണിതു നൽകിയ ഈ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിനാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 2,500ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 25 ക്ലാസ് മുറികൾ, ഓഫീസ് റൂം, രണ്ട് നിലകളിലായുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ, സിക്ക് റൂം, വിശാലമായ അടുക്കള, ഡൈനിംഗ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. പ്രാദേശിക ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവവിസ് മാസ്റ്റർ പൂർവ അദ്ധ്യാപകരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, ഹെഡ്മിസ്ട്രസ് എൻ.എ. ഗീത, പി.കെ. മുഹമ്മദ്, ഇ.വി. രമേശൻ, എ.കെ. അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.