വടക്കാഞ്ചേരി: അന്നദാനം, മഹാദാനം എന്ന സന്ദേശവുമായി മുള്ളൂർക്കര ഇരുന്നിലംകോട് മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന അന്നദാന യജ്ഞത്തിന്റെ വാർഷികം ജൂൺ ഒന്നിന് നടക്കും. ക്ഷേത്ര സമിതി പ്രസിഡന്റ് പി.എസ്. രാഘവൻ അന്നദാന വാർഷികം ഉദ്ഘാടനം ചെയ്യും. 9.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളത്തിന് ശേഷം 10 മണി മുതൽ അന്നദാനം ആരംഭിക്കും. ആയിരക്കണക്കിന് പേർക്കായി വിഭവ സമൃദ്ധമായ സദ്യയാണ് വാർഷിക ദിനത്തിൽ ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്ര സമിതി സെക്രട്ടറി എം.വി. ദേവദാസ് അറിയിച്ചു. എല്ലാ ദിവസവും രാവിലെ അന്നദാനം ഉണ്ടാകും. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും സൗജന്യമായാണ് സദ്യയൊരുക്കുന്നത്. ഭക്ഷണം കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോയെന്ന് വിളിച്ചു ചോദിച്ച ശേഷമാണ് അന്നദാന മണ്ഡപം അടക്കുക. ഭഗവാന്റെ മുന്നിലെത്തുന്ന ഒരാൾ പോലും വിശന്നിരിക്കരുത് എന്നതാണ് ലക്ഷ്യം. കുടുംബത്തിലെ മൺമറഞ്ഞവർക്കായി ബന്ധുക്കൾ അന്നദാനം വഴിപാടായി സമർപ്പിക്കുന്നതും പതിവാണ്. നമ്മെ വിട്ടുപോയവരുടെ പേരും നാളും ചൊല്ലി അവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിച്ച ശേഷമാണ് അന്നം വിളമ്പുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭഗവാന്റെ പ്രസാദമായ ഊണ് കഴിക്കാനായി എത്തുന്നവരുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ക്ഷേത്രത്തിലെ അന്നദാനം നിറുത്തി വച്ചിരുന്നു. അടുത്തിടെ ആരംഭിച്ച അന്നദാനത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.