പുതുക്കാട്: നീണ്ട 26 മാസത്തിന് ശേഷം സർവീസ് പുനരാരംഭിക്കുന്ന എറണാകുളം-ഗുരുവായൂർ സ്‌പെഷൽ ട്രെയിനിന് നാളെ രാവിലെ 7.40 ന് പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം. കൊവിഡ് വ്യാപനത്തെതുടർന്നാണ് ട്രയിൻ സർവീസ് നിറുത്തിയത്. മഹാമാരിക്ക് ശേഷം സർവീസ് ആരംഭിക്കുന്ന ട്രെയിൻ രാവിലെ 6.10 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.45 ന് ഗുരുവായൂരിൽ എത്തും. തിരിച്ച് ഉച്ചയ്ക്ക് 1.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.50 ന് എറണാകുളത്ത് എത്തും. ഗുരുവായൂരിനും എറണാകുളത്തിനും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും ട്രെയിൻ നിർത്തും. രാവിലെ 7.40 ന് പുതുക്കാട് നിന്ന് ഗുരുവായൂരിലേക്കും ഉച്ചയ്ക്ക് 2.16 ന് തിരിച്ച് എറണാകുളത്തേക്കുമുള്ള ട്രെയിൻ പുതുക്കാട് മണ്ഡലത്തിലെ നിരവധി യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. പസഞ്ചറായി സർവീസ് നടത്തിയിരുന്ന ട്രെയിൻ എക്‌സ്പ്രസായിട്ടാണ് ഇപ്പോൾ സർവീസ് പുനരാരംഭിക്കുന്നത്. ഇതിനാൽ ടിക്കറ്റ് നിരക്കിൽ രണ്ടിരട്ടി വർദ്ധനവാണ് ഉണ്ടായത്. ഉച്ചയ്ക്കുള്ള ട്രെയിൻ എറനാട്, വേണാട് എക്‌സ്പ്രസുകൾക്ക് കണക്ഷൻ ആയും പ്രയോജനപ്പെടുത്താം.