കയ്പമംഗലം: പെരിഞ്ഞനം യൂത്ത് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം 30ന് വൈകിട്ട് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ലൈബ്രറി ഭാരവഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1950ൽ പെരിഞ്ഞനത്തെ ആദ്യത്തെ ലൈബ്രറി എന്ന ഖ്യാതിയോടെ പ്രവർത്തനം ആരംഭിച്ച ലൈബ്രറി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പുനർനിർമ്മിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, ലൈബ്രറി കൗൺസിൽ കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാജൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ എന്നിവർ പങ്കെടുക്കും. വാ‌ർത്താ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വരദ, സെക്രട്ടറി കെ. അരവിന്ദാക്ഷൻ, കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.