പാവറട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലൊന്നാണ് മുല്ലശ്ശേരി ഹയർ സെക്കൻഡറി. കിഫ്ബി ഫണ്ടിൽ നിന്ന് അഞ്ച് കോടി രൂപയും മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപയും ചെലവ് ചെയ്താണ് കെട്ടിടം നിർമ്മിച്ചത്.
1947ൽ നാട്ടിലെ പ്രമുഖരുടെ നേതൃത്വത്തിൽ മുല്ലശ്ശേരി ഹൈസ്‌കൂൾ സ്ഥാപക സമിതി രൂപീകരിച്ചാണ് സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത്. ജോതിഷ ഗണിത ശാസ്ത്ര പണ്ഡിതനായിരുന്ന പി.കെ. കോരു മാഷ് ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. സംഗീത സംവിധായകൻ മോഹൻ സിത്താര, ആർട്ടിസ്റ്റ് മുരളി ചീരോത്ത് അടക്കമുള്ള നിരവധി പ്രമുഖരെ സമൂഹത്തിന് സംഭാവന നൽകിയതും ഈ സരസ്വതി വിദ്യാലയമാണ്.
മേയ് 30ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ സ്‌കൂളിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാകും. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, പി.ടി.എ പ്രസിഡന്റ് ഒ.എസ്. പ്രദീപ്, പ്രോഗ്രാം കൺവീനർ എ.കെ. ഹുസൈൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്‌കൂളിൽ ഹൈടെക് സംവിധാനങ്ങൾ
പതിനാല് ക്ലാസ് മുറികൾ, രണ്ട് കമ്പ്യൂട്ടർ ലാബ്, പ്രധാന അദ്ധ്യപികയ്ക്കും പ്രിൻസിപ്പലിനും ഓഫീസ് മുറികൾ, എല്ലാ നിലകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സമുച്ചയം, കൗൺസിലിംഗ് റൂം, സ്റ്റാഫ് റൂം, സിക്ക് റൂം, പൊതു ആവശ്യങ്ങൾക്കുള്ള 2 ഹാളുകൾ, വിശാലമായ വരാന്തകൾ എന്നീ സൗകര്യങ്ങൾ അടങ്ങുന്നതാണ് കെട്ടിടം.