agoshamആനന്ദവല്ലി ടീച്ചറുടെ ജന്മദിനം ആഘോഷിക്കുന്ന ചടങ്ങിൽ നിന്ന്.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ പ്രസിഡന്റ് കെ.എ. ആനന്ദവല്ലി ടീച്ചറുടെ 83-ാം പിറന്നാൾ വഴിവിളക്ക് സമരവേദിയായ സി.ഐ. സിഗ്‌നൽ വേദിയിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും സമരം ചെയ്യുന്ന സഹപ്രവർത്തകർ ആഘോഷിച്ചു. ആനന്ദവല്ലി ടീച്ചർ നേതൃത്വം നൽകുന്ന സ്ത്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള അബ്ദുൾ ലത്തീഫ് സ്മൃതി സത്യഗ്രഹ സമിതിയാണ് 131 ദിവസമായി കൊടുങ്ങല്ലൂർ ബൈപാസിൽ വഴിവിളക്കിനായി സമരം ചെയ്യുന്നത്. കൊടുങ്ങല്ലൂരിലെ മദ്യ നിരോധന സമിതി, ഗാന്ധിയൻ കളക്ടീവ്, മനുഷ്യാവകാശ കൂട്ടായ്മ തുടങ്ങിയ വിവിധ സംഘടനകളുടെയും സമര കൂട്ടായ്മകളുടെയും മുൻപന്തിയിലും കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയായ ടീച്ചറുണ്ട്. നെജു ഇസ്മയിലും ടി.ജി. ലീനയും ചേർന്ന് പൊന്നാട അണിയിച്ചു. ഇ.കെ. സോമൻ, കെ.കെ. സഫറലി ഖാൻ, ഈശ്വരി ടീച്ചർ, എ.എം. അബ്ദുൾ ജബ്ബാർ, സുലേഖ ബഷീർ, മാലതി ടീച്ചർ, എ.കെ. നസീമ, പുഷ്‌കല വേണുരാജ് എന്നിവർ സംസാരിച്ചു.