mmmmരാധയോട് അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിയുന്നു.

കേരളകൗമുദി വാർത്ത തുണയായി

കാഞ്ഞാണി: വീടിന് ചുറ്റും മുട്ടോളം വെള്ളം കയറി ദുരിതത്തിലായ മണലൂർ എട്ടാം വാർഡ് തച്ചാംപ്പുള്ളി പരേതനായ ശങ്കരനാരായണന്റെ ഭാര്യ രാധയ്ക്ക് (82) കേരളകൗമുദി വാർത്ത തുണയായി. വിഷയത്തിൽ കളക്ടർ പഞ്ചായത് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് തേടി. വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ രാധയും രോഗിയുമായ മകൾ ഓമനയുമാണ് കഴിഞ്ഞിരുന്നത്. സമീപവാസി നെൽവയൽ നികത്തിയതോടെ മഴക്കാലത്ത് പെയ്ത്തുവെള്ളം ഒഴുകി പോകാൻ കഴിയാത്ത സ്ഥിതിയായി. ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് സീനിയർ സുപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം ഇന്നലെ വൈകിട്ട് രാധയുടെ വിട്ടിലെത്തി. തുടർന്ന് സമീപവാസിയോട് നിലവിലുള്ള ചാൽ താഴ്ചകൂട്ടി വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് നിർദ്ദേശം നൽകി. അന്വേഷണ സംഘത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് സുരേഷ്, സീനിയർ ക്ലർക്ക് സനിഷ്, പഞ്ചായത്ത് സെക്രട്ടറി സൂര്യകുമാരി, ഓവർസിയർ അബിത, പഞ്ചായത്ത് ക്ലർക്ക് ജിത, ഷോയ് നാരായണൻ എന്നിവരുണ്ടായിരുന്നു.