വെങ്കിടങ്ങ്: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കാലം തെറ്റി എത്തിയ കനത്ത മഴയിൽ കൊയ്‌തെടുക്കാനാകാത്ത വിധം ഏനാമാക്കൽ വടക്കെ കോഞ്ചിറപ്പടവിലെ മുന്നൂറ് ഏക്കർ നെൽക്കൃഷി നശിച്ചു. വിളവെടുക്കാൻ തീരുമാനിച്ച കൊയ്ത്ത് മെഷിനുകൾ ഇറക്കാനെത്തിയ ദിവസം മുതൽ ആരംഭിച്ച ന്യൂനമർദ്ദമാണ് കർഷകന്റെ സ്വപ്നങ്ങളിൽ തീ മഴ പെയ്യിച്ചത്. ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ വിളവെടുക്കാനായ നെൽച്ചെടികളെല്ലാം ചെളിയിൽ വീണടിഞ്ഞ് ചീഞ്ഞ് നശിച്ചു. ഇനിയിത് വിളവെടുത്താൽ കൊയ്യാനിറങ്ങുന്ന കൊയ്ത്ത് മെതിയന്ത്രത്തിന് നൽകുന്ന കൂലി കൊടുക്കാൻ പോലും ഈ നെല്ല് വിറ്റാൽ കിട്ടുന്ന പണം തികയില്ല എന്ന ആശങ്കയിൽ നിരവധി കർഷകരാണ് വിളകൊയ്യാതെ മടിച്ചു നിൽക്കുന്നത്. മറ്റ് പാടശേഖരങ്ങൾ ഇരുപ്പൂ കൃഷി പണിയാതെ മാറി നിന്നപ്പോൾ കൃഷിയെ പരിപോഷിപ്പിക്കുകയെന്ന സർക്കാർ നയം നടപ്പാക്കിയ അപൂർവം പാടശേഖരങ്ങളിൽ ഒന്നാണ് വടക്കേ കോഞ്ചിറ പടവ്.
ഒന്നാംപൂ കൃഷി നേരത്തെയിറക്കിയെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്. പിന്നീടിറക്കിയ രണ്ടാംപൂ കൃഷിയിൽ അതിഭീമമായ കടക്കെണിയിലേക്കാണ് ഇവിടെത്തെ കർഷകർ എടുത്തെറിയപെട്ടിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ എല്ലാ സഹായ നടപടികളും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പടവ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ഹരിദാസൻ, സെക്രട്ടറി എ.ആർ. രവീന്ദ്രൻ, ട്രഷറർ കെ.എച്ച്. നജീബ്, ഭാരവാഹിയായ ബിജോയ് പെരുമാട്ടിൽ, ഹാരീസ് ഹാങ്കി എന്നിവർ ആവശ്യപ്പെട്ടു.
മഴക്കെടുതി സഹായവും വിള ഇൻഷ്വറൻസ് ഉൾപ്പടെയുള്ള സഹായങ്ങളും അടിയന്തരമായി നൽകണം.
-പടവ് കമ്മിറ്റി