
കുന്നംകുളം: ആരാധനാലയങ്ങൾ ജനങ്ങളെ ദൈവവിശ്വാസത്തോടൊപ്പം രാജ്യസ്‌നേഹവും പഠിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലബാർ സ്വതന്ത്ര സുറിയാനി സഭ 250 ാം വാർഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ ദൈവവിശ്വാസിക്ക് മാത്രമാണ് രാജ്യനന്മ കാത്തുസൂക്ഷിക്കാനും മാതൃകാപരമായ നല്ല സേവനം ചെയ്യാനും കഴിയുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 250ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മൂന്ന് മാസമായി നടത്തിവന്നിരുന്ന പരിപാടിയുടെ സമാപനമാണ് സഭ ആസ്ഥാനത്ത് നടത്തിയത്.
സമാപന സമ്മേളനത്തിന് മുന്നോടിയായി കാട്ടുമങ്ങാട്ട് ഗീവർഗീസ് മാർ കൂറിലോസ് ഇളയ ബാവയെ പരിശുദ്ധനായി പ്രഖ്യാപിക്കുന്ന ശുശ്രൂഷയും നടത്തി. സഭാ മേലദ്ധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ആശംസനേർന്നു. സഭ ചരിത്രപുസ്തകം ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ആത്മായ ട്രസ്റ്റി ബിനോയ് പി.മാത്യു, സഭാ വൈസ് പ്രസിഡന്റ് ഫാ. വർഗീസ് വാഴപ്പിള്ളി, സഭ സെക്രട്ടറി ഗീവർ മാണി പനക്കൽ, പ്രോഗ്രാം കൺവീനർ വിവേക് വടക്കൻ, വൈദിക ട്രസ്റ്റി ഫാദർ പ്രിൻസ് ഐ.കോലാടി, ഭദ്രാസന പള്ളി ട്രഷറർ റിജു ചമ്മന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.