vayo-

തൃശൂർ: 'ജീവിതത്തിൽ സത്യസന്ധതയും, നന്മയും കാത്ത് സൂക്ഷിക്കാൻ മക്കൾ ശ്രദ്ധിക്കണം...' രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ 'സ്‌നേഹക്കൂട്ട്' പരിപാടിയുടെ ഭാഗമായി പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് ജോസ് മുത്തച്ഛന്റെ ഉപദേശം. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും, തൃശൂർ ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരത്തിൽ മുതിർന്ന പൗരന്മാർക്ക് വിദ്യാർത്ഥി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 'സ്‌നേഹക്കൂട്ട് ' പരിപാടിയായിരുന്നു പുതുതലമുറയും പഴയ തലമുറയും തമ്മിലുള്ള സ്‌നേഹം പങ്കുവെക്കലും സംഗീതവുമൊക്കെയായി സന്തോഷ മുഹൂർത്തം സമ്മാനിച്ചത്.
ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി കോളേജ് വിദ്യാർത്ഥി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 'സ്‌നേഹക്കൂട്ട് ' ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.എച്ച്.അസ്ഗർഷാ ഉദ്ഘാടനം ചെയ്തു. രാമവർമ്മപുരം സർക്കാർ വൃദ്ധമന്ദിരം സൂപ്രണ്ട് കെ.രാധിക പ്രസംഗിച്ചു. ഇരിങ്ങാലക്കുട ആർ.ഡി.ഒ എം.എച്ച് ഹരീഷ് വീഡിയോ സന്ദേശം നൽകി. സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് കെ.ആർ.പ്രദീപൻ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റ് മാർഷൽ.സി.രാധാകൃഷ്ണൻ, സർക്കാർ വൃദ്ധമന്ദിരം മേട്രൺ ശാന്തിനി.വി.എസ്, ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ് എന്നിവർ സംസാരിച്ചു. കുട്ടികളോടൊപ്പം വർണ്ണചിത്രങ്ങൾ വരച്ചും, കളികളിൽ ഏർപ്പെട്ടും 'സ്‌നേഹക്കൂട്ട്' ഒരു ആഘോഷമായി മാറി.