പാവറട്ടി: പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി ഹൈടെക് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യത വഹിച്ചു. തുടർന്ന് മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തു. അഞ്ച് കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ജയരാജൻ, ചാന്ദ്‌നി വേണു, ജിയോഫോക്‌സ്, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ വി.എം. കരീം, ചാവക്കാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.വി. ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.