കോട്ടപ്പുറം ടോൾ ജംഗ്ഷനിൽ നിശ്ചലമായിരിക്കുന്ന സിഗ്‌നൽ സംവിധാനം.
ടോൾ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ടോൾ ജംഗ്ഷനിലെ സിഗ്‌നൽ സംവിധാനം തകരാറിലായതിനെ തുടർന്ന് കൊടുങ്ങല്ലൂർ ബൈപാസിൽ വാഹന അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ സിഗ്‌നൽ സംവിധാനം തകരാറിലായിട്ട്. ഇതുമൂലം നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്. ഇതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിമുട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നതും പതിവാണ്.
ഇത്തരത്തിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. മതിലകം കൂളിമുട്ടം കിടാങ്ങാശേരി വീട്ടിൽ അഷറഫ് (60), ഭാര്യ റംല (49) എന്നിവർക്ക് പരിക്കേറ്റത്.
ഇവരെ ഗൗരിശങ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് മുമ്പുള്ള ദിവസം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സൈക്കിൾ യാത്രക്കാരനായ മേത്തല കുഴികണ്ടത്തിൽ ഇർഫാൻ (14) എന്ന വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു.
ഏറ്റവും കൂടുതൽ വാഹന തിരക്ക് അനുഭവപ്പെടുന്ന കോട്ടപ്പുറം ടോൾ ജംഗ്ഷനിൽ നിയന്ത്രണമില്ലാതെ വേഗത്തിൽ സഞ്ചിരിക്കുന്നതിനാൽ റോഡ് മുറിച്ചു കടക്കുന്ന വാഹനങ്ങൾ വലിയ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്. സിഗ്‌നൽ ശരിയാകും വരെ ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.