തൃശൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഫലങ്ങൾ നേരിട്ടറിയാനും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ആരായാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയ പരിപാടി നടത്തി. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളുമായി സംവദിച്ചത്. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി രാജ്യ വ്യാപകമായി നടന്ന സംവാദപരിപാടിയിൽ ഷിംലയിൽ നിന്നാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങൾ, അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി ചോദിച്ചറിഞ്ഞു.
13 കേന്ദ്ര പദ്ധതികളുടെ 350 ഓളം ഗുണഭോക്താക്കളാണ് ജില്ലാതല പരിപാടിയിൽ സംബന്ധിച്ചത്. പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ, അർബൻ), പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൺ അഭിയാൻ, പ്രധാൻമന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ, അർബൻ), ജൽ ജീവൻ മിഷൻ അമൃത്, പ്രധാൻമന്ത്രി സ്വനിധി സ്‌കീം, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത് പിഎം ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, പ്രധാൻ മന്ത്രി മുദ്ര യോജന എന്നീ പദ്ധതികളുടെ ഗുണഭോക്താക്കൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഹരിത വി. കുമാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പദ്ധതികളെക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു.
മേയർ എം.കെ. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ ബി.എൽ. ബിജിത്ത്, ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത എന്നിവർ പങ്കെടുത്തു.