ചാലക്കുടി: ആകപ്പാടെ കടവും കടപ്പടിയും കൂട്ടത്തിലൊരു ഉരുപ്പടിയും... പഞ്ചാബി ഹൗസ് സിനിമയില കൊച്ചിൻ ഹനീഫയുടെ പ്രമാദമായ ഫലിത ഡയലോഗ് ഇപ്പോൾ അന്വർത്ഥമാകുന്നത് കൊരട്ടി പൊലീസിന്. കുപ്രസിദ്ധവും നൂലാമാലകളുമായ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട് പെടാപ്പാടുപെട്ട കൊരട്ടി സ്റ്റേഷനിലെ പൊലീസുകാർക്ക് ഇല്ലാത്ത കേസ് അന്വേഷിച്ച് നഷ്ടപ്പെട്ടത് മണിക്കൂറുകൾ. ഒപ്പം മേലധികാരികൾക്ക് യഥാസമയം വിവരങ്ങൾ നൽകിയുണ്ടായ സമ്മർദ്ദവും. മേലൂർ കുവക്കാട്ടുകുന്നിലെ പതിമൂന്നുകാരി, കൂട്ടുകാരിയുടെ സഹായത്തോടെ സ്വന്തം തലമുടി മുറിച്ച് കെട്ടുകഥയുണ്ടാക്കിയതിൽ എസ്.എച്ച്.ഒ: ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അനുഭവിച്ച കഷ്ടപ്പാടുകൾ ഏറെ. കുട്ടിയെ മർദ്ദിച്ച ശേഷം കറുത്ത വാനിൽ കടന്നുകളഞ്ഞവരെ തേടി പൊലീസ് പരക്കം പാഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതികളെ കയ്യോടെ പിടിക്കണമെന്ന ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക നിർദ്ദേശവുമുണ്ടായി.
തിങ്കളാഴ്ച രാത്രി ഏറെ വൈകി താനും കൂട്ടുകാരിയും കെട്ടിച്ചമച്ച കാര്യങ്ങൾ പുറത്തു പറയുമ്പോഴേയ്ക്കും പൊലീസുകാർ അന്വേഷണവുമായി ബഹുദൂരം മുന്നോട്ടു പോയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനകം കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ കുറ്റകൃത്യങ്ങൾ ഒട്ടനവധി. സംസ്ഥാനത്ത് ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ പൊലീസ് പതിനൊന്നര കിലോ ഹാഷിഷ് ഓയിൽ പ്രതിയെ ഉൾപ്പടെ പിടിച്ച് ശ്രദ്ധേയമായിരുന്നു. തുടർന്ന് നിരവധി വലിയ കഞ്ചാവ് കടത്തും കണ്ടെത്തി. കച്ചവടക്കാർ തമ്മിലെ കുടിപ്പകയിൽ പോത്തുകളേയടക്കം ലോറി റാഞ്ചിയ സംഘത്തിലെ മഴുവൻ പ്രതികളേയും പിടികൂടിയ ഉദ്യോഗസ്ഥർ വിദേശ ബന്ധമുണ്ടായിരുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേയ്ഞ്ച് കേസിലെ പ്രതികളേയും വെറുതെ വിട്ടില്ല. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയെ കൊരട്ടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രതികളെ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലെ കേസ്. ഇതിനിടെ സ്റ്റേഷന് ഐ.എസ്.ഒ പദവി ലഭ്യമാക്കുന്നതിന്റെ അക്ഷീണ പ്രയത്‌നവും. കേസും കേസിന്മേൽ കേസും അന്വേഷണവുമായി നട്ടം തിരിയുന്നതിനിടെയാണ് കുട്ടിക്കഥയുടെ പേരിൽ എസ്.എച്ച്.ഒ: ബി.കെ. അരുണും എസ്.ഐ. ഷാജു എടത്താടനും നേതൃത്വം നൽകുന്ന പൊലീസ് സംഘം ഒത്തിരി സമയം ആധി പൂണ്ടത്. സത്യം വെളിപ്പെടുമ്പോൾ ഇവർക്കുണ്ടായ ആശ്വാസവും ചെറുതായിരുന്നില്ല.