nws

മുച്ചക്ര സ്‌കൂട്ടർ ശരത്തിന് കൈമാറുന്നു.

കുന്നംകുളം: അഞ്ഞൂർ മരോട്ടികുന്ന് കോളനിയിൽ കൂഴയിൽ പരേതനായ ശശിയുടെ മകൻ കെ.എസ് ശരത്തിന് (34) ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി മുച്ചക്ര സ്‌കൂട്ടർ സമ്മാനിച്ചു. 2019 ലാണ് ശരത്തിന് ഗുരുവായൂരിൽ വച്ചുണ്ടായ ട്രെയിനപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെടുന്നത്. മൂന്നു വർഷക്കാലമായി തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സയിലായിരുന്നു. അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. ശരത്തിന് രണ്ട് സഹോദരിമാരാണുള്ളത്. അമ്മ മണി വാർദ്ധക്യത്തിൽ തൊഴിലുറപ്പ് പണിക്ക് പോയി ലഭിക്കുന്നതാണ് ഈ കുടുംബത്തിന്റെ മുഖ്യ വരുമാനമാർഗം. സ്വന്തമായൊരു വരുമാനമാർഗം ലോട്ടറി കച്ചവടത്തിലൂടെ കണ്ടെത്തണമെന്ന ശരത്തിന്റെ ആഗ്രഹത്തെ തുടർന്നാണ് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി മുച്ചക്ര മോട്ടർ സൈക്കിൾ സമ്മാനിക്കാൻ തീരുമാനിച്ചത്. ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ മുച്ചക്ര വാഹനത്തിന്റെ താക്കോൽ ശരത്തിന് സമ്മാനിച്ചു. വാർഡ് കൗൺസിലർ ഗീത ശശി, ഷെമീർ ഇഞ്ചിക്കാലയിൽ, പി.എം. ബെന്നി, സക്കറിയ ചീരൻ, ജിനാഷ് തെക്കേകര, സതീഷ് കുമാർ പുളിയത്ത് എന്നിവർ സംസാരിച്ചു.