വെള്ളാങ്ങല്ലൂർ: അവിട്ടത്തൂർ പ്രോഗ്രസീവ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. വനിതാ വിഭാഗത്തിലെ വിജയികൾക്കുള്ള നോബിൾ വിമൻസ് കപ്പ് അവിട്ടത്തൂർ എൽ.ബി.എസ്.എം ഗേൾസ് ഫുട്‌ബാൾ അക്കാഡമി കരസ്ഥമാക്കി. പുരുഷ വിഭാഗത്തിലെ വിജയികൾക്കുള്ള ശ്രീജിത്ത് ആഷിഷ് മെമ്മോറിയൽ ട്രോഫി കല്ലേറ്റുംകര വെറൈറ്റി ക്ലബ് കരസ്ഥമാക്കി. ഇരുപത്തിനാലു ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ എഫ്.സി പാലിയേക്കര ക്ലബ്ബും വനിതാ വിഭാഗത്തിൽ സ്‌പോർട്ടേക്കർ എഫ്.സി കുട്ടനെല്ലൂരും റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്ഥമാക്കി. സമാപന സമ്മേളത്തിൽ വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു മാഞ്ഞൂരാൻ ട്രോഫി വിതരണം ചെയ്തു. പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സി.ആർ. ശ്യാംരാജ് അദ്ധ്യക്ഷനായി. ബിനു ജി. കുട്ടി, പി.കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എ.വി. രാജേഷ്, പോൾ കൊടിയിൽ, തോമസ് കാട്ടൂക്കാരൻ എന്നിവർ സംസാരിച്ചു.