kudivellam-net-photo

ചിറയിൻകീഴ്: വേനൽ കനത്തതോടെ ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടം ഒാടുകയാണ് അഴൂർ ഗ്രാമവാസികൾ.

അഴൂർ ഗ്രാമ പഞ്ചായത്തിലെ മിക്ക വാർഡുകളിലും കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ട്. പെരുങ്ങുഴിയിലെ തീരപ്രദേശങ്ങൾ, ആറാട്ട് കടവ്, റെയിൽവേ സ്റ്റേഷൻ ഭാഗങ്ങൾ, കുഴിയം, കാറ്റാടിമുക്ക്, മുട്ടപ്പലം,അഴൂർ,മാവിന്റെ മൂട്, പണ്ടാരവിള,തെറ്റിച്ചിറ,കൃഷ്ണപുരം,കന്നുകാലിവനം, കോവിൽനട,നാലുമുക്ക്,അക്കരവിള,ചിലമ്പ്,ശാസ്തവട്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുടിവെള്ളത്തിനായി പരക്കംപായുകയാണ് ജനം. പഞ്ചായത്തിന്റെ ഭൂരിഭാഗവും തീര പ്രദേശങ്ങളുമായി ബന്ധപ്പെട്ടതിനാൽ കിണറുകളിലെല്ലാം ഓരു കലർന്ന ജലമാണ് ലഭിക്കുന്നത്.

ഇവിടങ്ങളിൽ പ്രധാനമായും ജലവിതരണം നടത്തുന്നത് ആറ്റിങ്ങൽ വാട്ടർ അതോറിട്ടിയിൽ നിന്നാണ്.യഥാവിധി ജലവിതരണം നടത്താത്തതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.മറ്റ് പല പഞ്ചായത്തുകൾക്കും യഥാസമയം കുടിവെള്ളം എത്തിക്കുമ്പോൾ അഴൂർ ഗ്രാമപഞ്ചായത്തിനെ തഴയുകയാണെന്ന ആരോപണവും ശക്തമാണ്.

മുൻകാലങ്ങളിൽ നാലും അഞ്ചും ദിവസങ്ങൾ ഇടവിട്ടെങ്കിലും ജലവിതരണം നടക്കുമായിരുന്നു. ഈ വിഷയങ്ങൾ ഉന്നയിക്കാനായി വാട്ടർ അതോറിട്ടിയിൽ വിളിച്ചാൽ ബന്ധപ്പെട്ടവർ ഫോണെടുക്കുന്നില്ലെന്നും പരാതിയുണ്ട്. യഥാസമയം ജലവിതരണം നടത്തി കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാട്ടർ അതോറിട്ടിയുടെ പെപ്പ് കണക്ഷൻ വഴിയും വെള്ളം കിട്ടുന്നില്ലെന്ന് പരാതി

വേനൽ കടുത്തതോടെ കിണറുകൾ വറ്റി.കുളങ്ങളും തോടുകളും വരണ്ടു.ഇടയ്ക്ക് പെയ്ത വേനൽ മഴ അല്പം ആശ്വാസമായെങ്കിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിഞ്ഞില്ല.

പഞ്ചായത്തിലെ പല മേഖലകളിലും കുടിവെള്ളമെത്തുന്നത് ആഴ്ചയിലൊരിക്കലാണ്. പഞ്ചായത്തിലെ ഭൂരിഭാഗം ടാപ്പുകളും വെള്ളമില്ലാതെ കാഴ്ചവസ്തുക്കളായി മാറിയിട്ടുണ്ട്. ആയിരക്കണക്കിന് രൂപ മുടക്കി പൈപ്പ് കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ കിട്ടാത്ത വെള്ളത്തിന് വെള്ളക്കരം അടച്ചു കൊണ്ടിരിക്കുകയാണ്.