kseb

ചിറയിൻകീഴ്: ചിറയിൻകീഴിൽ 33 കെ.വി സബ്സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. സബ് സ്റ്റേഷൻ ഇല്ലാത്തതുകാരണം വോൾട്ടേജ് ക്ഷാമവും അടിക്കടി കറണ്ട് പോകുന്നതും ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ പതിവ് സംഭവമാണ്. ഇതുമൂലം ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും, ജനസേവന കേന്ദ്രങ്ങളിലുമെല്ലാം ക്ലറിക്കൽ ജോലികൾ ചെയ്യുന്നവർക്ക് അടിക്കടി കറണ്ട് പോകുന്നത് കാര്യമായി ബാധിക്കാറുണ്ട്. ആറ്റിങ്ങൽ അവനവഞ്ചേരി 110 കെ.വി സബ് സ്റ്റേഷൻ, കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലുള്ള 33 കെ.വി സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുമാണ് ചിറയിൻകീഴിൽ വൈദ്യുതി എത്തിക്കുന്നത്. വൈദ്യുതി എത്തിക്കുന്നതിലെ ദൂരക്കൂടുതലും വോൾട്ടേജിനെ സാരമായി ബാധിക്കാറുണ്ട്. മാത്രവുമല്ല ആറ്റിങ്ങലിലോ കടയ്ക്കാവൂരിലോ വൈദ്യുതി തടസമുണ്ടായാൽ അത് ചിറയിൻകീഴ് സെക്ഷന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കളെയും ബാധിക്കുന്നു. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

സ്ഥലപരിമിതിയാണ് അധികൃതർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ സ്ഥലം ഇല്ലെങ്കിൽ സമീപത്തെ മറ്റ് പഞ്ചായത്തുകളിൽ സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന വാദം ശക്തമാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള നൈനാംകോണത്തെ അമ്പത് സെന്റ് ഭൂമി ഇതിനുവേണ്ടി ഉപയോഗിക്കണമെന്ന അഭിപ്രായം നിലനിൽക്കുകയാണ്. ഇതിനുപുറമേ ചിറയിൻകീഴ് ഇലക്ട്രിസ്റ്റി ഓഫീസിലെ സ്ഥലപരിമിതി ജീവനക്കാരെയും ഉപഭോക്താക്കളെയും ബാധിക്കാറുണ്ട്. വലിയകട ജംഗ്ഷന് സമീപമായി പരിമിതമായ സ്ഥലത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്.