photo

നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്ന ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരത്തുക ഈ ആഴ്ചയിൽ തന്നെ വിതരണം തുടങ്ങുമെന്ന് മന്ത്രി അഡ്വ ജി.ആർ. അനിൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ പൂർണമായും ഏറ്റെടുത്ത 54 കുടുംബങ്ങളുടെ 17 ഏക്കർ 11 സെന്റ് ഭൂമിയുടെ നഷ്ടപരിഹാരത്തുകയായ 18,51,92,950 രൂപയാണ് അക്കൗണ്ടിൽ എത്തുന്നത്.

പ്രദേശത്ത് ആകെ 227 പ്ലോട്ടുകളാണ് ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്നത്. ആകെയുള്ള 66 ഏക്കർ 13 സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം കണക്കാക്കിയത് ഈ പ്രദേശത്ത് ക്രയവിക്രയം ചെയ്ത ഭൂമിയുടെ വിലയുടെ അടിസ്ഥാനത്തിൽ വില തിട്ടപ്പെടുത്തി സൊലേഷ്യം കൂടി ചേർത്ത് എ, ബി, സി, ഡി, ഇ എന്നി കാറ്റഗറിയായി ഭൂമിയെ തരം തിരിച്ചാണ്.

വീടുകൾ നഷ്ടപ്പെടുന്നവർക്ക് പി.ഡബ്ലിയു.ഡി കെട്ടിടവിഭാഗം തിട്ടപ്പെടുത്തിയ തുകയും പ്രത്യേകമായി ഇതിൽ ഉൾപ്പെടുന്നുണ്ട്. മുഴുവൻ കുടുംബങ്ങൾക്കും നഷ്ടപരിഹാരമായി ഐ.എസ്.ആർ.ഒ അനുവദിച്ചത് 71,08,53,240 രൂപയാണ്. സമയബന്ധിതമായി തന്നെ എല്ലാവർക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, 16-ാം കല്ല് വാർഡ് മെമ്പർ വിദ്യാ വിജയൻ, സി.പി.ഐ കരിപ്പൂര് എൽ.സി സെക്രട്ടറി എസ്. മഹേന്ദ്രനാചാരി, സ്പെഷ്യൽ എൽ.എ തഹസിൽദാർ സ്മിതാ റാണി എന്നിവർ പങ്കെടുത്തു.