
തിരുവനന്തപുരം : സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വീണ്ടും നിസഹകരണ സമരം തുടങ്ങി. സ്ഥാനക്കയറ്റം,അലവൻസ്,ശമ്പള വർദ്ധനവ്,എൻട്രി കേഡറിലെ ശമ്പളത്തിലെ അപാകത തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണിത്.
വി.ഐ.പി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ.സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിംഗ്, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങൾ എന്നിവയിൽ നിന്നും വിട്ടു നിൽക്കുമെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷും അറിയിച്ചു. നിലവിൽ രോഗീപരിചരണത്തെ നേരിട്ട് ബാധിക്കാത്ത വിധമാണ് പ്രതിഷേധ പരിപാടികൾ. ജനുവരിയിൽ ഒന്ന് മുതൽ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരം ഉൾപ്പെടെ നടത്തിയെങ്കിലും മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ ജനുവരി 15ന് സമരം അവസാനിപ്പിച്ചിരുന്നു. പരിമിതമായ ജീവനക്കാർ മാത്രമുണ്ടായിട്ടും കൊവിഡ് പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോയ ആരോഗ്യവകുപ്പ് ഡോക്ടർമാരോട് സർക്കാർ വാഗ്ദാന ലംഘനം കാട്ടി. പ്രശ്നപരിഹാരത്തിന് തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
പാഴായ ഉറപ്പുകൾ
₹സമയബന്ധിത ഹയർ ഗ്രേഡ്, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം, റൂറൽ അലവൻസ് വർദ്ധന എന്നിവ സംബന്ധിച്ച് ഉടൻ ഉത്തരവിറക്കും.
₹ എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രൊമോഷൻ കിട്ടുന്നവർക്ക് പേഴ്സണൽ പേ വിഷയത്തിലുണ്ടായ നഷ്ടവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുകൂല സമീപമുണ്ടാകും.