hitech-anganvadi

തിരുവനന്തപുരം: കുഞ്ഞ് സ്വപ്നങ്ങൾക്ക് "സ്മാർട്ട്" കവചമൊരുക്കുകയാണ് ജർമ്മൻ സ്വദേശി മരിയ കാസൽമാൻ. കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തുമൂലയിലാണ് പ്രൊഫസർ കൂടിയായ മരിയ ഒരു സ്മാർട്ട് അങ്കണവാടി സ്ഥാപിച്ചത്. ചോർന്നൊലിക്കുന്ന മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞ തറയും തകർന്ന ബെഞ്ചുകളും പാളിയിളകിയ ഭിത്തികളും സ്ഥിരം കാഴ്ചയായിരുന്ന അങ്കണവാടി നവീകരിച്ച് ടൈൽ പാകിയ തറയും സ്മാർട്ട് ക്ലാസ് റൂമുകളും ആകർഷകമായ കളിസ്ഥലവും ഒരുക്കി.

2019ൽ പൂവാറിനടുത്തുള്ള പള്ളത്താണ് മരിയ ആദ്യമായി ഒരു അങ്കണവാടി സ്ഥാപിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 20 ഓളം സ്മാർട്ട് നഴ്‌സറികൾ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമുകളും ഇവർ നൽകുന്നുമുണ്ട്.

2008ൽ കോവളം സന്ദർശിക്കുന്നതിനിടെയാണ് തീരദേശ പ്രദേശങ്ങളിലെ അങ്കണവാടികളുടെ ശോച്യാവസ്ഥ മരിയയുടെ ശ്രദ്ധയിൽപ്പെടുന്നത്.തുടർന്ന് തന്റെ ചാരിറ്റി സ്ഥാപനമായ പോസിറ്റീവ് പവർ ഫോർ ചിൽഡ്രൻ (ഇ.വി) വഴി ജർമ്മനിയിൽ ഒരു സംഭാവനാ കാമ്പെയിൻ ആരംഭിച്ചു. ഇത്തരത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ, സ്റ്റേഷണറി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ എന്നിവയും വാങ്ങി. ഈ കാലയളവിൽ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിരവധി അങ്കണവാടികൾ പുനർനിർമ്മിക്കാനും മരിയ മുന്നിട്ടിറങ്ങി. പുതിയ കെട്ടിടങ്ങളിൽ വൈദ്യുതി - ജല കണക്ഷനുകളും പ്രവർത്തനക്ഷമമായ കുളിമുറിയും അടുക്കളയും ഒരുക്കി. പള്ളത്ത് ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് അങ്കണവാടിയിൽ 38 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്.

കോട്ടുകാലിൽ കെട്ടിടത്തിനുള്ള സ്ഥലം കണ്ടെത്താൻ സഹായിച്ചത് വാർഡ് കൗൺസിലർ ബി.ആശയാണ്. പ്രദേശവാസിയായ ഹൈസിന്ത് ലൂയിസാണ് ഭൂമി സ്പോൺസർ ചെയ്തത്. അങ്കണവാടിയുടെയും ആധുനിക കളിസ്ഥലത്തിന്റെയും നിർമ്മാണത്തിന് 15 ലക്ഷം രൂപ ചെലവായി. സ്ഥലം ലഭ്യമായാൽ ഇത്തരത്തിൽ കൂടുതൽ സ്മാർട്ട് അങ്കണവാടികൾ സ്ഥാപിക്കാൻ മരിയ തയ്യാറാണ്.