
തിരുവനന്തപുരം: പൊലീസ് അകമ്പടി, ബി.ജെ.പിയുടെ അഭിവാദ്യം,സി.എമ്മിന്റെ കരിങ്കൊടിയും ചീമുട്ടയും. ഒടുവിൽ ജാമ്യം. പി.സി ജോർജിന്റെ അറസ്റ്റിനു മുമ്പും ശേഷവും തലസ്ഥാനത്ത് നാടകീയ നിമിഷങ്ങൾ; പൊതുനിരത്തു മുതൽ എ.ആർ ക്യാമ്പ് വരെ. ഫോർട്ട് പൊലീസ് ഇന്നലെ പുലർച്ചെ പി.സി ജോർജിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താൻ തലസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനിടെ കടക്കേണ്ടിവന്നത് പ്രതിഷേധത്തിന്റെ പല കടമ്പകൾ.
വേറ്റിനാട്, രാവിലെ 9.30
വെമ്പായത്തിന് സമീപം വേറ്റിനാട് വച്ച് റോഡിലേക്ക് ചാടി ബി.ജെ.പി പ്രവർത്തകർ വാഹനം തടയുന്നു. പി സിക്ക് അഭിവാദ്യം. ഷാൾ അണിയിക്കുന്നു. പി.സിയുടെ നന്ദിപ്രകടനം.
പട്ടം, 9.50
പട്ടം ജംഗ്ഷനിൽ ഡി.വൈ.എഫ്. ഐക്കാർ പി.സിയുടെ കാറിന്റെ ഗ്ലാസിലേക്ക് ഒരു ഉഗ്രൻ ഏറ്. ചീമുട്ട പൊട്ടിച്ചിതറി. കരിങ്കൊടി പ്രതിഷേധം. വാഹനം നിറുത്തിയില്ല.
നന്ദാവനം എ.ആർ ക്യാമ്പ്, 10.10
വാഹനം എ.ആർ ക്യാമ്പിന്റെ കവാടത്തിൽ. പൊലീസ് വലയം ഭേദിച്ച് ഡി.വൈ.എഫ്.ഐക്കാർ കരിങ്കൊടിയുമായി പാഞ്ഞടുത്തു. ഉന്തും തള്ളുമായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
10.30 കേന്ദ്രമന്ത്രിയുടെ വരവ്
പി.സി.ജോർജിനെ കാണാൻ ബി.ജെ.പി നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രി വി.മുരളീധരനും. കന്റോൺമെന്റ് എ.സി നോ പറഞ്ഞതോടെ രംഗം വഷളായി. മന്ത്രി പൊട്ടിത്തെറിച്ചു. സർക്കാരിന് ഇരട്ടനീതിയാണ്. പി.സി. ജോർജ് ഭീകരനല്ല. പൊതുപ്രവർത്തകനാണ്. മുൻ എം.എൽ.എ.യാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കമെന്താണ്. യൂത്ത് ലീഗിന്റെ പരാതിയിലാണ് അറസ്റ്റ്. യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ ആരെയും അറസ്റ്റ് ചെയ്യും. ബി.ജെ.പിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനും പറയാനുമില്ല. കേന്ദ്രമന്ത്രിക്ക് എ.ആർ. ക്യാമ്പിലേക്ക് പ്രവേശനം നിഷേധിക്കുന്നു. ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം, ഇതാണോ ജനാധിപത്യം.' വി. മുരളീധരന്റെ രോഷം അണപൊട്ടി.
12ന് മെഡിക്കൽ സംഘം
ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. 12ഓടെ മെഡിക്കൽ സംഘം പി.സി ജോർജിനെ പരിശോധിക്കാൻ എ.ആർ ക്യാമ്പിൽ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും പി.ഡി.പിക്കാരുടെ പ്രതിഷേധവും
സമയം 12.30
ജോർജിനെ കയറ്റിയ വാഹനം ഏഴ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക്. പി.സിയുടെ ജനപക്ഷം പ്രവർത്തകർ അഭിവാദ്യം വിളിച്ച് ചാടി വീണു. പെലീസ് തൂക്കി മാറ്റി. മകൻ ഷോൺ ജോർജും മറ്റൊരു വാഹനത്തിൽ പി.സിയെ അനുഗമിച്ചു.
വഞ്ചിയൂർ - സമയം ഒരു മണി
വഞ്ചിയൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് രണ്ടിന്റെ ഓദ്യോഗിക വസതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം. പി.സി ജോർജ് പുറത്തേക്ക്.