വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കൊവിഡ് കാലത്ത് നിറുത്തലാക്കിയ ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മികച്ച കളക്ഷനുമായി ഓടിയിരുന്ന സർവീസുകളാണ് നിറുത്തലാക്കിയത്. സർവ്വീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നേരത്തേ മികച്ച കളക്ഷനുമായി എറണാകുളം വരെ സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് ബസ് ഇപ്പോൾ ആലപ്പുഴ വരെയാണ് ഓടുന്നത്. ഇത് കളക്ഷൻ കുറയുവാൻ കാരണമായിട്ടുണ്ട്. മലയോരമേഖലയിലെ യാത്രാദുരിതം അകറ്റുന്നതിനായി ഇരുപത് വർഷം മുൻപ് ആരംഭിച്ച വിതുര ഡിപ്പോ ഫലത്തിൽ യാത്രാദുരിതം ഇരട്ടിപ്പിക്കുകയാണെന്നാണ് ആക്ഷേപം. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വിതുര ഡിപ്പോയിൽ നിന്ന് ഇരുപതോളം ബസുകൾ പിൻവലിച്ചിരുന്നു. ഇതിൽ കുറച്ച് ബസുകൾ മാത്രം പിന്നീട് മടക്കിനൽകിയിരുന്നു. നിലവിൽ 32 ബസുകളാണ് വിതുര ഡിപ്പോയിലുള്ളത്. ഇതിൽ മുപ്പതെണ്ണം വരെ സർവീസ് നടത്തും. പ്രധാന റൂട്ടായ നെടുമങ്ങാട്-തിരുവനന്തപുരം റൂട്ടിൽ വരെ വേണ്ടത്ര ബസുകൾ അയയ്ക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ബസുകളുടെ കുറവ് നിമിത്തം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതൽ യാത്രാക്ലേശം നേരിടുന്നത്. മാത്രമല്ല ഡിപ്പോയിൽ വേണ്ടത്ര ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ല. പത്തോളം ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുണ്ട്. ഇതുമൂലം സർവീസുകൾ താളം തെറ്റാറുണ്ട്. സർവീസുകളുടെ അഭാവത്തിൽ വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്. കൊവിഡ് കാലത്ത് നിറുത്തലാക്കിയ സർവീസുകൾ സ്കൂൾ തുറക്കുന്നതിന് മുൻപുതന്നെ അടിയന്തരമായി പുനഃരാരംഭിക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.

നേരത്തേ ഡിപ്പോയിൽനിന്ന് 42 ബസുകൾ സർവീസ് നടത്തിയിരുന്നപ്പോൾ ആറ് ലക്ഷത്തിൽപ്പരം രൂപ പ്രതിദിന കളക്ഷൻ ലഭിച്ചിരുന്നു. ഇപ്പോൾ നാല് ലക്ഷത്തിന് താഴെയാണ് കളക്ഷൻ. ഡിപ്പോയിൽ നിന്ന് പിൻവലിച്ച ബസുകൾ മടക്കി നൽകിയാൽ മികച്ച കളക്ഷൻ ലഭിക്കും. യാത്രാദുരിതത്തിന് പരിഹാരമാകുമെന്നുമാണ് യാത്രക്കാർ പറയുന്നത്. ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

ലോക്ക് ഡൗൺ പിൻവലിച്ചെങ്കിലും കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഇപ്പോഴും ഞായറാഴ്ച ലോക്ക് ഡൗൺ തുടരുകയാണ്. മിക്ക ഡിപ്പോകളിലും പകുതി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഞായറാഴ്ചകളിൽ യാത്രക്കാർ ബസ് ലഭിക്കാതെ പെരുവഴിയിലകപ്പെട്ട് നട്ടംതിരിയുന്ന അവസ്ഥയാണ് നിലവിൽ. ചീഫ് ഓഫീസിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്നാണ് സർവീസുകൾ അയയ്ക്കാത്തതെന്നാണ് ഡിപ്പോ മേധാവികൾ പറയുന്നത്.