a-k-nagar

വക്കം: കീഴാറ്റിങ്ങൽ തിനവിള എ.കെ നഗർ ലക്ഷം വീട് കോളനി ഹൈടെക്ക് ആകുന്നു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. വി. ശശി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോളനി നിവാസികളുടെ യോഗമാണ് വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയത്. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയുടെ ചുറ്റ് മുതിൽ, വീടുകളുടെ അറ്റകുറ്റപ്പണികൾ, വൈദ്യുതികരണം, കുടിവെള്ള വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകും. ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ രണ്ട് കോളനികളിലാണി പദ്ധതി നടപ്പിലക്കുന്നതെന്നും, അതിലൊന്നാണ് എ.കെ നഗർ കോളനിയെന്നും എം.എൽ.എ പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി,ബ്ലോക്ക് അംഗങ്ങളായ ശ്രീകല, രാധിക, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല, വൈസ് പ്രസിഡന്റ് പ്രകാശ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ, പട്ടികജാതി വികസന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.