തിരുവനന്തപുരം: പൊതുചടങ്ങിൽ ചിത്രമെടുക്കാനെത്തിയ മലയാള മനോരമ ഫോട്ടോഗ്രാഫർ ബെന്നി പോളിനുനേരെ പൊലീസ് അതിക്രമം. നടപടി ചോദ്യം ചെയ്‌പ്പോൾ വഞ്ചിയൂർ സി.ഐ ദിപിനും സംഘവും ബെന്നി പോളിനെ പിടിച്ചുവലിച്ചു ജീപ്പിലേക്കു തള്ളിയിട്ടു വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് പാറ്റൂർ മാർത്തോമ്മാ പള്ളിയിൽ ഗോവ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്കെത്തിയപ്പോഴാണു സംഭവം.
ബൈക്ക് പാർക്ക് ചെയ്യവേ മറ്റൊരിടത്തേക്കു മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടത് ബെന്നി അനുസരിച്ചിരുന്നു. എന്നാൽ, ഈ സമയം സി.ഐ ' എന്താടാ , പോടാ' എന്ന് ആക്രോശിച്ചുകൊണ്ടു രംഗത്തെത്തി. സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന് ബെന്നി പറഞ്ഞപ്പോൾ അതുചോദിക്കാൻ താനാരാണെന്നായിരുന്നു സി.ഐയുടെ മറുപടി. തുടർന്നു സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ ബെന്നിയെ പിടിച്ചുതള്ളി. പിന്നാലെ സി.ഐയും തള്ളി. മറ്റു പൊലീസുകാർ ഓടിയെത്തി വളഞ്ഞുപിടിച്ചു വലിച്ചും തള്ളിയും ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ മൊബൈൽ ഫോണും കാമറയും ലെൻസും അടങ്ങിയ ബാഗും പൊലീസ് പിടിച്ചുവാങ്ങി. അന്യായമായി കേസെടുക്കാൻ നീക്കമുണ്ടെന്ന വിവരമറിഞ്ഞ് പ്രസ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഡ്യൂട്ടി തടസപ്പെടുത്തിയതിനു കേസെടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. വിവരമറിഞ്ഞ് അസി.കമ്മിഷണർ ഡി.കെ. പൃഥ്വിരാജ് സ്ഥലത്തെത്തി സംസാരിച്ചശേഷമാണ് ബെന്നി പോളിനെ വിട്ടയയ്ക്കാൻ തയ്യാറായത്. പിടിച്ചുവലിച്ചപ്പോൾ തന്റെ ദേഹത്തുണ്ടായ പരിക്കുകൾ ബെന്നി അസി.കമ്മിഷണറെ കാണിക്കുകയും ചെയ്‌തു.