aasupathriroad

വിതുര: നിത്യേന ആയിരങ്ങൾ സഞ്ചരിക്കുന്ന വിതുര ഗവ. താലൂക്ക് ആശുപത്രി റോഡ് പൊട്ടിപ്പൊളിഞ്ഞ് ദുർഘടാവസ്ഥയിലായിട്ട് കാലങ്ങൾ ഏറെയായി. ഈ റോഡ് നിറയെ കുണ്ടും, കുഴിയുമാണ്. വാഹനങ്ങളിൽ ആശുപത്രിയിലേക്ക് പോകുന്ന രോഗികളുടെയും മറ്റും നടുവൊടിയുകയാണ്. മഴയായാൽ പിന്നെ പറയുകയും വേണ്ട. കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയും റോഡും തമ്മിൽ തിരിച്ചറിയാന പറ്റാത്ത അവസ്ഥ. അനവധി അപകടങ്ങൾ നടന്നിട്ടും വിതുര മേഖലയിലെ പ്രധാനറോഡായ ആശുപത്രി റോഡ് ഗതാഗതയോഗ്യമാക്കുവാൻ നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിട്ടുണ്ട്.റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും പിന്നീട് അനക്കമില്ലാതായി. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും റോഡ് മുഖ്യചർച്ചാവിഷയമായിരുന്നു. നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. തകർന്നുകിടക്കുന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയായി മാറുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബൈക്കുകൾ മറിഞ്ഞ് അനവധി യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

പതിനായിരങ്ങൾ സഞ്ചരിക്കുന്ന റോഡ്

വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ, വിതുര ഗവ. യു.പി.എസ് എന്നിവിടങ്ങളിൽ പഠിക്കുന്ന നാലായിരത്തിൽ പരം വിദ്യാ‌ർത്ഥികൾ ഇൗ റോഡിലൂടെ സഞ്ചരിച്ചാണ് സ്കൂളിലെത്തുന്നത്. മാത്രമല്ല വിതുര താലൂക്ക് ആശുപത്രി, ഗവ. സബ്ട്രഷറി, മൃഗാശുപത്രി, പഞ്ചായത്ത് ഒാഫീസ്, കമ്മ്യൂണിറ്റിഹാൾ എന്നിവിടങ്ങളിൽ എത്തണമെങ്കിലും ഇൗ റോഡിനെ ആശ്രയിക്കണം. ഇവിടെയൊക്ക എത്തുന്നതിനായി ആയിരങ്ങളാണ് ആശുപത്രി റോഡ് വഴി സഞ്ചരിക്കുന്നത്. പൊൻമുടി-പാലോട് റോഡുകളുടെ ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണ് ആശുപത്രി റോഡ്.

പൊൻമുടി നെടുമങ്ങാട് സംസ്ഥാനപാതയിൽ വിതുര ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റോഡ് കൊപ്പം ജംഗ്ഷനിൽ പാലോട് റോഡിൽ ചേരും. റോഡ് വികസിപ്പിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും കടലാസിലാണ്.

ബസ് സർവീസുമില്ല

നിരവധി ആളുകളുടെ ആശ്രയമായ ആശുപത്രി റോഡ് വഴി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിച്ചിട്ടില്ല. വിദ്യാർത്ഥികളും മറ്റും വിതുര കലുങ്ക് ജംഗ്ഷൻ, ശിവൻകോവിൽ ജംഗ്ഷൻ, കൊപ്പം ജംഗ്ഷൻ എന്നിവിടങ്ങളിൽ ബസ് ഇറങ്ങി നടന്നാണ് സ്കൂളിലെത്തുന്നത്. വിതുര ആശുത്രിയിലെത്തേണ്ട രോഗികൾക്കും കാൽനടയാത്രതന്നെ ശരണം. ഇതുവഴി കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബസ് സർവീസ് തുടങ്ങുമെന്ന് അധികൃതർ വാക്കുനൽകിയിട്ടും അതും കാണാനില്ല.