kovalam

കോവളം: ശ്രീനാരായണ ഗുരുദേവന്റെ ജീവിത ദർശനം സ്‌കൂൾ പാഠ്യവിഷയമാക്കി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഗുരു ഒരു ജാതിയുടെയോ ഒരു മതത്തിന്റെയോ വക്താവല്ലായിരുന്നുവെന്നും, മറ്റു മതവിശ്വാസികൾക്കും ഗുരു വേണ്ടതു ചെയ്യാൻ തയ്യാറായിരുന്നത് വരുംതലമുറകൾ ഓർക്കണമെന്നും മന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിലെ മുട്ടയ്ക്കാട് ശാഖയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് വെളിച്ചം പകർന്ന ഗുരുദർശനം കേരളത്തിൽ മാത്രമല്ല, രാജ്യത്താകമാനം പഠിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാവണം. ഗുരു സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിൽ വരുന്നവർക്ക് പ്രയോജനം കിട്ടുന്ന തരത്തിൽ വികസനം കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നൽകി.

ആഴാകുളം ദീപാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ അദ്ധ്യക്ഷനായി.സ്വാമി ബോധി തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് ഡോ. കെ. ജി .എസ്. എസ് നായർ മുഖ്യാതിഥിയായിരുന്നു. കേരളകൗമുദി തിരുവനന്തപുരം - ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. യോഗം ഡോ.പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ, എസ്. മോഹനകുമാർ, വനിതാസംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാ മധു, യോഗം ഡയറക്ടർ ബോർഡ് അംഗം ആർ. വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാ മുരുകൻ, ബൈജു .എസ് , ചിത്രലേഖ, സുഗന്ധി മോഹനൻ , മുൻ സെക്രട്ടറി അഡ്വ. കോവളം ബി. അജിത് കുമാർ, ലതികാകുമാർ, വിനിതാ സുരേന്ദ്രൻ,ശാഖാ വൈസ് പ്രസിഡന്റ് എ.സതികുമാർ, സെക്രട്ടറി സി. ഷാജിമോൻ, റ്റി. സുധീന്ദ്രൻ, എൻ.ശശികുമാരൻ തുടങ്ങിയവർ സംസാരിച്ചു.