
തിരുവനന്തപുരം: കേരളത്തിൽ പി.എം കിസാൻ സമ്മാൻ നിധി യോജന സഹായം കൈപ്പറ്റിയവരിൽ 30,416 പേർ അനർഹരെന്ന് കണ്ടെത്തൽ.ഇതിൽ 21,018 പേർ ആദായനികുതി അടയ്ക്കുന്നവരാണ്. അർഹതയില്ലാത്തവരിൽ നിന്ന് തുക തിരിച്ചുപിടിച്ചു നൽകണമെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
31 കോടിയിൽ 4.90 കോടി മാത്രമാണ് ഇതുവരെ തിരിച്ചുകിട്ടിയത്. കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. വർഷത്തിൽ മൂന്നു തവണയായി ആറായിരം രൂപ വീതമാണ് നൽകിയത്. 37.2 ലക്ഷം പേരാണ് കേരളത്തിൽ പി.എം കിസാൻ പദ്ധതിയിൽ ചേർന്നിട്ടുള്ളത്.
അനർഹരിൽ നിന്ന് തുക തിരിച്ചു പിടിക്കുന്നതിന്. ഫീൽഡ്‌ലെവൽ ഓഫീസർമാർ നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. സർക്കാരിന്റെ ലാൻഡ് റെക്കാഡിൽ ഫെബ്രുവരി ഒന്നിന് നിശ്ചിത കൃഷിഭൂമി കൈവശമുള്ളവർക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹതയുള്ളത്.
അനർഹർ തുക തിരിച്ചടച്ചില്ലെങ്കിൽ ഭാവിയിൽ മറ്റാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കുമെന്നും, നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു.