പി.സി. ജോർജിന് വിമർശനം, മാപ്പ് പറയണം
വിദ്വേഷപ്രസംഗം നടത്തുമ്പോൾ കൈയടിക്കരുത്
തിരുവനന്തപുരം: വർഗീയ പ്രാസംഗികർ ഏത് മത, രാഷ്ട്രീയത്തിൽ പെട്ടവരാണെങ്കിലും അവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സി. ജോർജിന്റെ വിദ്വേഷ പ്രസംഗത്തെ ഇമാം വിമർശിച്ചു. പി.സി.ജോർജിന്റേത് കേട്ടുകേൾവിയില്ലാത്ത പരാമർശമാണ്. സമൂഹത്തോട് മാപ്പുപറയാൻ കഴിയുമെങ്കിൽ അതായിരിക്കും ഏറ്റവും ഉചിതമായ നടപടി. അയാളിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു. വർഗീയത പറയുന്നത് ആരായാലും ഒറ്റപ്പെടുത്തണം.
വിദ്വേഷപ്രസംഗം നടത്തുമ്പോൾ കൈയടിക്കരുത്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഭക്തർ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നത്. നാട്ടിൽ കലാപം ഉണ്ടാക്കാനും മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും ശ്രമിച്ചാൽ മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും മതമുള്ളവനും മതമില്ലാത്തവനും അത് സമ്മതിച്ചു തരാൻ പോകുന്നില്ല. കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിച്ച് ആരും മുന്നോട്ട് വരരുത്.