തിരുവനന്തപുരം: റഫറണ്ടത്തിൽ തോൽപ്പിച്ചത് പാർട്ടിയിലെ ഗ്രൂപ്പിസമെന്ന് കെ.എസ്.ഇ.ബി.യിലെ കോൺഗ്രസ് സംഘടന.

കഴിഞ്ഞ തവണ അംഗീകാരം കിട്ടിയിരുന്നു.ഇക്കുറി കേവലം 0.1% വോട്ടിനാണ് തോറ്റത്. ഇതിന് കാരണം ഐ.എൻ.ടി.യു.സി.സംസ്ഥാനപ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നടത്തിയ ഗ്രൂപ്പ് പ്രവർത്തനവും വിമതനീക്കങ്ങളുമാണെന്ന് ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു.ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. ദേശീയ പ്രസിഡന്റ് സഞ്ജീവറെഡ്ഡിക്കും കെ.പി.സി.സി.നേതൃത്വത്തിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബിയിൽ ഐ.എൻ.ടി.യു.സി.അഫിലിയേഷനുള്ള ഏക യൂണിയനാണ് ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ. കോൺഫെഡറേഷനെതിരെ രംഗത്തെത്തിയ ഐ.എൻ.ടി.യു.സി.സംസ്ഥാനപ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പുതിയ സംഘടനയുണ്ടാക്കി.കേരള പവർ വർക്കേഴ്സ് കോൺഗ്രസ്.എന്നാൽ ഇതിന് ഐ.എൻ.ടി.യു.സിയിൽ അഫിലിയേഷൻ കിട്ടിയില്ല.അതോടെ ഇക്കുറി ഇടതുപക്ഷത്തെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയന് അവർ പിന്തുണ നൽകി.ഇതിന് പുറമെ ഐ.എൻ.ടി.യു.സിയുടെ തോൽവി ഉറപ്പാക്കാൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ എന്ന തട്ടിക്കൂട്ട് സംഘടനയുമുണ്ടാക്കി. ഇതോടെ ഐ.എൻ.ടി.യു.സി.യുടെ വോട്ടുകൾ ഭിന്നിച്ചു. 2015 ലെ റഫറണ്ടത്തിൽ മുസ്ലിംലീഗിന്റെ തൊഴിലാളി വിഭാഗമായ എസ്.ടി.യുവിനൊപ്പം മത്സരിച്ച് 22.5% വോട്ട് നേടിയ കോൺഫേഡറേഷന് ഇക്കുറി കിട്ടിയത് 14.9% വോട്ടും ആർ.ചന്ദ്രശേഖരൻ രംഗത്തിറക്കിയ യൂണിയന് 5.61%വോട്ടും മറ്റൊരു സംഘടനയ്ക്ക് 0.5%വോട്ടും കിട്ടി. ജയിക്കാൻ വേണ്ടത് 15%വോട്ടാണ്.