കാട്ടാക്കട: ഗ്രാമീണ മേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും മോശപ്പെട്ടതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതുമായ ആഹാര സാധനങ്ങൾ വില്പന നടത്തുന്നതായി പരാതി ഉയർന്നിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ദിവസങ്ങളോളം പഴക്കമുള്ള സാധനങ്ങൾ വരെ കച്ചവടം നടത്തുന്ന ഹോട്ടലുകളുണ്ടെന്നാണ് പ്രധാന പരാതി. ഇത്തരത്തിൽ പരാതികൾ അന്വേഷിക്കാനോ ഗുണനിലവാരം ഉറപ്പുവരുത്താനോ, മായംകലർന്ന ഭക്ഷണം നൽകുന്നുണ്ടോ എന്നുപരിശോധിക്കാനോ ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരൊന്നും എത്താതായതോടെയാണ് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതെന്നാണ് പരാതി.
മുൻകാലങ്ങളിൽ ഹോട്ടലുകളിലും-ഭക്ഷ്യവില്പന കേന്ദ്രങ്ങളിലും പരിശോധന നടത്തുകയും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ കണ്ടെടുത്ത് നശിപ്പിപ്പിക്കുകയും ക്രമക്കേടുകൾ കണ്ടെത്തി തടയുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇത്തരത്തിലുള്ള പരിശോധനകൾ ഗ്രാമീണമേഖലയിൽ ഇല്ലാതായതോടെ ആഹാര സാധനങ്ങളുടെ വിൽപ്പന തോന്നിയപടിയായി.
കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തുന്ന നിരവധി കടകൾ ഗ്രാമപ്രദേശങ്ങളിലുണ്ട്.

വിൽക്കുന്നത് ഉപയോഗശൂന്യമായവ
അടുത്തിടെയായി ഛർദ്ദി,വയറിളക്കം എന്നിവയായി നിരവധി പേർ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അതിലധികം പേരും ഹോട്ടലുകളിലും മറ്റും ഭക്ഷണം കഴിച്ചവരാണെന്നും അതിൽ കൂടുതൽപേരും ഷവർമ, അൽഫാം എന്നിവ കഴിച്ചവരാണെന്നുമാണ് ഡോക്ടർമ്മാർ നൽകുന്ന വിശദീകരണം.
യാതൊരു സുരക്ഷയും,ശുചിത്വവും ഉറപ്പുവരുത്താതെ പെട്ടികടകളിൽ പോലും ഷവർമ, അൽഫാം എന്നിവ പാചകം ചെയ്ത് വില്പന നടത്തുന്നുണ്ട്. അതിൽ പാകം ചെയ്തശേഷം ദിവസങ്ങൾ കഴിഞ്ഞവയും ഇക്കൂട്ടത്തിൽപ്പെടും. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്. ദിവസങ്ങൾ പഴക്കമുള്ള ഇറച്ചി, കറികൾ, പൊറോട്ട, കുഴച്ച മാവുകൾ എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും മാലിന്യങ്ങൾ പൊതുമരാമത്ത് ഓടയിലും, സമീപത്തെ തോടുകളിലും തുറന്നു വിടുന്നതായും പരാതിയുണ്ട്.