
പാറശാല: ദേശീയപാതയിൽ വഴിമുക്ക് മുതൽ പാറശാല ഇഞ്ചിവിള വരെ നടപ്പിലാക്കുന്ന റോഡ് വികസനം ഏതാണ്ട് വെളുക്കാൻ തേച്ചത് പാണ്ടായ മട്ടാണ്. ഈ മേഖലയിൽ കേന്ദ്രസർക്കാർ നൽകിയ 32 കോടി രൂപ ചെലവാക്കി നടന്നുവരുന്ന റബറൈസ്ഡ് ടാറിംഗ് കഴിഞ്ഞദിവസത്തോടെ ഭാഗികമായി പൂർത്തിയായി. എന്നാൽ ഒരുമാസം മുൻപ് ഈ ടാറിംഗ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നെയ്യാറ്റിൻകര കൂട്ടപ്പന മുതൽ പാറശാല ഇഞ്ചിവിള വരെയുള്ള 13 കിലോമീറ്ററോളം വരുന്ന ഭാഗത്തെ റോഡിന് ഇരുവശവും ഇന്റർലോക്ക് സ്ഥാപിച്ചത്.
റോഡിന്റെ വീതി കൂട്ടുക, ഇരുവശത്തും രൂപപ്പെട്ടിരുന്ന കുഴികൾ നകത്തി നിരപ്പാക്കുക, കാൽനടയാത്രക്കാർക്ക് മറ്റ് വാഹനങ്ങളെ പേടിക്കാതെ സുരക്ഷിതമായി യാത്ര ചെയ്യുക, റോഡിൽ നിന്ന് മാറ്റി സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നിവയായിരുന്നു ഉദ്ദേശ്യലക്ഷ്യം. എന്നാൽ ടാറിംഗ് ജോലികൾക്ക് മുന്നേതന്നെ ഇന്റർലോക്ക് പണികൾനടന്നതോടെ പെട്ടത് യാത്രക്കാരാണ്.
ആദ്യം ഇന്റർലോക്ക് പണികൾ നടന്നതിനാൽ റോഡും ഇന്റർലോക്കും തമ്മിൽ ഉയരവ്യത്യാസമായി. പല സ്ഥലത്തും അര അടി മുതൽ ഒരടി വരെ റോഡ് പൊങ്ങി. ഇത് കാരണം റോഡിൽ നിന്നും വശങ്ങളിലേക്കോ തിരികെ റോഡിലേക്കോ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും പരാശ്രയമില്ലാതെ നടക്കാതായി. ഇന്റർലോക്കിന് പുറത്ത് ഇരുവശത്തും മണ്ണിട്ട് നികത്തി പ്രശ്നത്തിന് പരിഹാരം കാണാമെങ്കിലും മണ്ണിട്ട് മൂടുമ്പോൾ ഏതാനും ദിവസങ്ങൾക്ക് ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഇന്റർലോക്ക് മണ്ണിനടിയിലാവും.
നേരത്തെ കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിലായിരുന്ന ദേശീയപാത ടാറിംഗ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡ് മുറിച്ച് കടക്കുന്നവർക്കായി റോഡിന് കുറുകെ സീബ്രാലൈൻ ഇട്ടതും റോഡിൽ എൽ.ഇ.ഡി പോലുള്ള റിഫ്ലക്ടർ ലൈറ്റുകൾ സ്ഥാപിച്ചതും ടാറിംഗ് കഴിഞ്ഞതോടെ അടിയിലായി. ടാറിംഗിനെ ഇരുവശത്തുമായി നടപ്പാതയിൽ ഉണ്ടായിട്ടുള്ള കുഴികൾ നികത്തേണ്ടി വരുമ്പോൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഇന്റർലോക്ക് നടപ്പാതകളും മണ്ണിനടിയിലാകും.